Site icon onlinekeralanews.com

ആലിനിന്റെ ചിരി ഇനി ആയിരങ്ങളിലേക്ക്; നോട്ടുബുക്കുകൾ പുറത്തിറക്കി സപ്ലൈകോ


കൊച്ചി∙ ആലിൻ ഇനി ആയിരക്കണക്കിന് നോട്ട്ബുക്കുകളിലിരുന്നു ചിരിക്കും. ആ ബുക്ക് കാണുമ്പോഴെല്ലാം മലയാളി മനസ്സുകളിൽ ആ കുഞ്ഞു മാലാഖയുടെ അപൂർവ നിയോഗം തിളക്കത്തോടെ നിറയും.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിനിന്റെ ഓർമയിൽ സപ്ലൈകോ പുറത്തിറക്കിയ നോട്ട്ബുക്കുകളുടെ പ്രകാശനത്തിൽ പങ്കെടുത്ത ആലിനിന്റെ മാതാപിതാക്കൾ അവളുടെ ഓർമകൾ പങ്കുവച്ചു. ‘‘ഇൗ നോട്ടുബുക്കിന്റെ ലോഗോയിലുള്ള മാലാഖയുടെ മുടി പോലെ ആയിരുന്നു എന്റെ മകളുടെ മുടിയും ഒരിക്കലും ഒതുങ്ങിയിരിക്കില്ല, ഞങ്ങളുടെ ജീവനെയാണ് പലർക്കായി പകുത്തു നൽകിയത്’’– ഇടറിയ ശബ്ദത്തോടെയാണ് ആലിനിന്റെ പിതാവ് അരുൺ ഏബ്രഹാം പറഞ്ഞത്. പത്തുമാസം പ്രായമായിരിക്കേ അപകടത്തിൽ മരിച്ച ആലിനിന്റെ അവയവങ്ങൾ നാലുപേർക്കാണ് പുതുജീവൻ നൽകിയത്.നോട്ടുബുക്ക് പ്രകാശനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. വിപണി കണക്കാക്കിയല്ല, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ള പ്രവർത്തനമാണ് ആലിൻ ബ്രാൻഡിൽ നോട്ട്ബുക്ക് പുറത്തിറക്കിയതിലൂടെ സപ്ലൈകോ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബുക്കിന്റെ കവർ ഡിസൈനുകളും ലോഗോയും തയാറാക്കി പിന്തുണ നൽ‍കിയത് തേവര എസ്എച്ച് കോളജിലെ വിദ്യാർഥികളാണ്. ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹൈബി ഈഡൻ എംപി, മേയർ വി.കെ. മിനിമോൾ, സപ്ലൈകോ മാനേജിങ് ഡയറക്ടർ വി.എം.ജയകൃഷ്ണൻ, ജനറൽ മാനേജർ എം.യു. ബിജു, തേവര എസ്എച്ച് കോളജ് ഡയറക്ടർ ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.ആലിനിന്റെ മാതാപിതാക്കളായ അരുൺ ഏബ്രഹാം, ഷെറിൻ ആൻ ജോൺ, നോട്ടുബുക്കിന്റെ ഡിസൈൻ നിർവഹിച്ച തേവര എസ്എച്ച് കോളജിലെ വിദ്യാർഥികൾ, അധ്യാപകർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 14.50 മുതൽ 37 രൂപ വരെയാണ് നോട്ടുബുക്കുകളുടെ വില.


Source link
Exit mobile version