Site icon onlinekeralanews.com

തുണയായത് ‘പരിവാഹൻ’ സൈറ്റിലെ മൊബൈൽ നമ്പർ; മോഷണം പോയ സ്കൂട്ടർ ഉടമയ്ക്ക് തിരികെ കിട്ടിയത് ഇങ്ങനെ


കാക്കനാട്– കളമശ്ശേരി റൂട്ടിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ധിരിക്കാതെ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയേയും 17 വയസ്സ് തോന്നിപ്പിക്കുന്ന കുട്ടിയേയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ തടയാൻ ശ്രമിച്ചു. ഇതോടെ വാഹനം അതിവേഗത്തിൽ ഓടിച്ചുപോയ യുവതിയെ എംവിഐമാർ പിന്തുടർന്നു പിടികൂടി. തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോൾ സുഹൃത്തിന്റെ വാഹനമെന്നായിരുന്നു മറുപടി. എന്നാൽ വാഹനത്തിന്റെ റജിസ്റ്റേർഡ് ഉടമയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വാഹനം അടിമാലിയിലാണെന്നു വിവരം ലഭിച്ചു. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ സ്കൂട്ടർ പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റ് വ്യാജമാണെന്നു കണ്ടെത്തി. തുടർന്നു വാഹനത്തിന്റെ യഥാർഥ റജിസ്ട്രേഷൻ നമ്പർ കണ്ടെത്തി ഉടമയെ വിളിച്ചപ്പോഴാണ് വാഹനം മോഷണം പോയതാണെന്ന് അറിയുന്നത്. പരിവാഹൻ സൈറ്റിൽ അപ്ഡേറ്റ് ചെയ്ത ഫോൺ നമ്പർ വഴിയാണ് ഉടമയെ വേഗത്തിൽ കണ്ടെത്താൻ കഴിഞ്ഞത്. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്താലുള്ള ഗുണംവാഹന സംബന്ധമായതും ഡ്രൈവിങ് ലൈസൻസ് സംബന്ധമായതുമായ എല്ലാ സേവനങ്ങളും ഇപ്പോൾ ഓൺലൈൻ ആണ്. ആർസിയിൽ വാഹന ഉടമയുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം. എങ്കിൽ മാത്രമേ പരിധിയില്ലാതെ സേവനങ്ങൾ ലഭ്യമാകൂ. വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് എടുക്കണമെങ്കിൽ ഒടിപി നിർബന്ധമാണ്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉണ്ടെങ്കിൽ മാത്രമേ ഇതു സാധ്യമാകൂ.  അതുപോലെതന്നെ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്കും ലൈസൻസ് ഹോൾഡറുടെ ആധാർ അധിഷ്ടിത മൊബൈൽ നമ്പർ ആവശ്യമാണ്. മൊബൈൽ നമ്പർ വാഹനവുമായും ഡ്രൈവിങ് ലൈസൻസുമായും ബന്ധിപ്പിക്കുന്നതിലൂടെ നമ്മുടെ രേഖകളുടെയും വാഹനത്തിന്റെയും സുരക്ഷ കൂടിയാണ് ഉറപ്പ് വരുത്തുന്നത്. എല്ലാവരും തങ്ങളുടെ ഉടമസ്ഥതയിൽ ഉള്ള വാഹനങ്ങളുടെയും, തങ്ങളുടെ ഡ്രൈവിങ് ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ തന്നെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. എങ്ങനെ ചെയ്യാംwww.parivahan.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. അതിൽ പരിവാഹൻസേവ ക്ലിക്ക് ചെയ്താൽ ഒരു പോപ്പപ് വരും. ഇതിൽ ആർസിയിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടവർ ‘വഹൻ’ ക്ലിക്ക് ചെയ്യുക. അതിൽ വാഹന റജിസ്ട്രേഷൻ നമ്പർ, ചേസിസ് നമ്പർ, എൻജിൻ നമ്പർ, റജിസ്ട്രേഷൻ ഡേറ്റ്, റജിസ്ട്രേഷൻ വാലിഡിറ്റി അവസാനിക്കുന്ന ഡേറ്റ് എന്നിവയും ക്യാപ്ചയും നൽകിയാൽ വാഹന സംബന്ധങ്ങളായ എല്ലാ വിവരങ്ങളും കാണാം. ഇതിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണും. അതിൽ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകി, ഒടിപി കൊടുത്ത് കൺഫേം ചെയ്യാം.ലൈസൻസിൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ‘സാരഥി’ ക്ലിക്ക് ചെയ്യാം. അതിൽ ലൈസൻസ് നമ്പർ, ജനന തിയതി, സംസ്ഥാനം എന്നിവ എന്റർ ചെയ്യുക. അതിനു ശേഷം ക്യാപ്ച നൽകി സബ്മിറ്റ് ക്ലിക്ക് ചെയ്താൽ ലൈസൻസ് സംബന്ധമായ എല്ലാ വിവരങ്ങളും കാണാം. അതിനു ശേഷം അപ്ഡേറ്റ് മൊബൈൽ നമ്പർ ബട്ടൺ ക്ലിക്ക് ചെയ്തു ആധാർ അധിഷ്ടിത മൊബൈൽ നമ്പർ നൽകി, ഒടിപി കൊടുത്തു കൺഫേം ചെയ്യാം.     


Source link
Exit mobile version