Site icon onlinekeralanews.com

ഖദര്‍ വിൽപനയിലും ‘യുഡിഎഫ് വിസ്മയം’: എ.കെ.ആന്റണി മുതൽ വീണ വിജയൻ വരെ ‘കസ്റ്റമേഴ്സ്’; പണ്ട് ‘പരുക്കൻ ഖദർ’, ഇന്ന് ട്രെൻഡ് ഇങ്ങനെ


തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഭരണത്തിന്റെ മാറ്റം ‘ഖാദി’യിൽ പ്രതിഫലിച്ചു തുടങ്ങി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ഖാദി-ഖദർ വിൽപനയിൽ കുതിപ്പുണ്ടെന്ന് ഖാദി കമ്മിഷനു കീഴിലുള്ള വിപണന കേന്ദ്രമായ ഖാദി ഗ്രാമോദ്യോഗ് ഭവൻ വ്യക്തമാക്കി. തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുളള ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഖദർതുണി വാങ്ങാൻ തിരക്കുണ്ട്. രാഷ്ട്രീയ വ്യത്യാസമന്യേ പ്രമുഖ നേതാക്കളുടെ നീണ്ട നിര തന്നെ ഖദർ വാങ്ങാനെത്തുന്നുണ്ടെന്ന് മാനേജർ എസ്.വിജയകുമാർ പറഞ്ഞു.‘പണ്ട് കെ. കരുണാകരനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ ധരിച്ചിരുന്നത് പരുക്കൻ ഖദറെന്ന് അറിയപ്പെടുന്ന 33 കൗണ്ട് ഖദറായിരുന്നു. ഇപ്പോൾ കനം കുറഞ്ഞ മസ്‌ലിൻ തുണിത്തരങ്ങളാണ് പ്രിയം. കൂടാതെ സിൽക്ക് അടക്കമുള്ള വൈവിധ്യമാർന്ന ഇനം ഖാദിയും വിൽക്കുന്നുണ്ട്. പരുക്കൻ ഖദറിന് മീറ്ററിന് 350 രൂപ മുതൽ 600 രൂപ വരെയും മസ്‌ലിൻ തുണിത്തരങ്ങൾക്ക് 600 മുതൽ 800 രൂപ വരെയുമാണ് വില. സിൽക്ക് വസ്ത്രങ്ങൾക്ക് 2000 മുതൽ 3000 രൂപ വരെ വിലയുണ്ട്.’ബക്രീദ് പ്രമാണിച്ച് നിലവിൽ ഖാദിക്ക് 30% റിബേറ്റ് അനുവദിച്ചിട്ടുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങൾക്കൊപ്പം തന്നെ ഓർഡർ അനുസരിച്ച് തയ്ച്ചു നൽകുന്നതിനുള്ള പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, എം.എം. ഹസൻ തുടങ്ങിയവർ ഇവിടെ നിന്ന് വസ്ത്രങ്ങൾ തയ്ച്ചാണ് വാങ്ങാറുള്ളത്. മുൻകാല നേതാക്കളുടെ കുടുംബാംഗങ്ങളും സ്ഥിരം സന്ദർശകരാണ്. ചാണ്ടി ഉമ്മനു വേണ്ടി അദ്ദേഹത്തിന്റെ മാതാവ് മറിയാമ്മയും എ.കെ. ആന്റണിക്ക് വേണ്ടി ഭാര്യ എലിസബത്തുമാണ് തുണിയെടുക്കാൻ എത്തുന്നത്. മുൻ മന്ത്രിമാരായ ജി.കാർത്തികേയന്റെയും ടി.എം. ജേക്കബിന്റെയും കുടുംബാംഗങ്ങളും പതിവുകാരാണ്. കെ.എസ്. ശബരീനാഥിന് വേണ്ടി അമ്മ സുലേഖയാണ് എത്തുന്നത്. ഇടതുപക്ഷ നേതാക്കളിൽ ടി.എം.തോമസ് ഐസക്, എ. സമ്പത്ത് എന്നിവരും ഖാദിയണിയാൻ ഇഷ്ടമുളളവരാണ്. ജുബ്ബ തയ്ക്കാനാണ് ഐസക് ഖാദിയെടുക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഇവിടെയെത്തി വസ്ത്രങ്ങൾ വാങ്ങാറുണ്ട്.


Source link
Exit mobile version