പുത്തൻ ലുക്കിൽ പുതിയ ടിയാഗോ എത്തി

തങ്ങളുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെ 2026 ഫേസ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലിറക്കി ടാറ്റ മോട്ടോഴ്‌സ്. 4.69 ലക്ഷം മുതൽ 7.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്ന ടിയാഗോയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ പ്രധാന ഫേസ്‌ലിഫ്റ്റാണിത്. നേരത്തെ 2020-ലായിരുന്നു ടിയാഗോയ്ക്ക് വിപുലമായ മാറ്റങ്ങളോടെ ആദ്യ ഫേസ്‌ലിഫ്റ്റ് ലഭിച്ചത്. മാരുതി സുസുക്കി സെലേറിയോ, ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് എന്നിവരുമായാണ് ടിയാഗോ പ്രധാനമായും വിപണിയിൽ മാറ്റുരയ്ക്കുന്നത്.കൂടുതൽ സ്പോർട്ടി ലുക്കിൽ മുൻഭാഗംഔദ്യോഗിക ലോഞ്ചിന് ഒരാഴ്ച മുൻപ് തന്നെ പുതിയ ടിയാഗോയുടെ ചിത്രങ്ങൾ ടാറ്റ ഓൺലൈനിലൂടെ പുറത്തുവിട്ടിരുന്നു. നിലവിലെ മോഡലിൽ നിന്ന് വലിയ മാറ്റങ്ങളോടെയാണ് 2026 ടിയാഗോ എത്തിയിരിക്കുന്നത്. കൂടുതൽ കൂർത്ത ഹെഡ്‌ലാമ്പുകൾ, മെലിഞ്ഞ് അല്പം മുകളിലായി സ്ഥാനം പിടിച്ച ഗ്രിൽ, വലിയ എയർ ഡാമോട് കൂടിയ പുതിയ ബമ്പർ എന്നിവയാണ് മുൻഭാഗത്തെ പ്രധാന മാറ്റങ്ങൾ. മൊത്തത്തിൽ മുൻ വശത്തിന് കൂടുതൽ ബോൾഡായ, നേർരേഖയിലുള്ള ലുക്കാണിപ്പോൾ.വശങ്ങളിൽ കാര്യമായ മാറ്റങ്ങളില്ല. പുതിയ 15 ഇഞ്ച് അലോയ് വീലുകളും വീൽ ആർച്ചുകളിലെ ബ്ലാക്ക് ക്ലാഡിംഗും മാത്രമാണ് വശങ്ങളിലെ പുതുമ. എന്നാൽ പിൻഭാഗത്ത് കാര്യമായ പരിഷ്‌കാരങ്ങൾ കാണാം. പുതിയ കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പ് സെറ്റപ്പ്, ലളിതമായ റൂഫ് സ്‌പോയ്‌ലർ, ഭംഗിയേറിയ പുതിയ ബമ്പർ എന്നിവയാണ് പിന്നിലെ ആകർഷണങ്ങൾ. ഡേടോണ ഗ്രേ, പാംഗോങ് പൾസ്, പ്രിസ്റ്റീൻ വൈറ്റ്, പ്യുവർ ഗ്രേ, സോബോ സർജ്, വാരണാസി വൈബ്രൻസ് എന്നീ ആറ് ആകർഷകമായ നിറങ്ങളിൽ വാഹനം സ്വന്തമാക്കാം.പുത്തൻ ഡാഷ്‌ബോർഡ് ലേഔട്ട്അകത്തളത്തിലും വലിയ മാറ്റങ്ങളാണ് ടാറ്റ വരുത്തിയിട്ടുള്ളത്. പഴയ മോഡലിലെ വളഞ്ഞ ലൈനുകളുള്ള ഡാഷ്‌ബോർഡിന് പകരം കൂടുതൽ ആധുനികവും ഫ്ലാറ്റുമായ ലേഔട്ടാണ് നൽകിയിരിക്കുന്നത്. ഇൻസ്ട്രുമെന്റ് കൺസോളിന്റെ മുകളിലെ കവർ (Binnacle) ഒഴിവാക്കി. സെന്റർ കൺസോളിലും ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലിലും നേരിയ മാറ്റങ്ങളുണ്ട്. എഎംടി (AMT) പതിപ്പുകളിൽ പുതിയ റോട്ടറി ഗിയർ സെലക്ടറാണ് നൽകിയിരിക്കുന്നത്.ഫീച്ചറുകളുടെ കാര്യത്തിലും ടിയാഗോ സമ്പന്നമാണ്. 10.25 ഇഞ്ച് ഇൻഫോടൈൻമെന്റ് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ വയർലെസ് ചാർജിംഗ് പാഡുകൾ, റിയർ എസി വെന്റുകൾ, 4 സ്പീക്കർ സൗണ്ട് സിസ്റ്റം, കൂൾഡ് ഗ്ലൗബോക്‌സ്, ക്രൂയിസ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്നോളജി, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ സൌകര്യങ്ങളുണ്ട്. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ഇഎസ്‌സി (ESC), പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, എബിഎസ്, ഇബിഡി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Source link
