Site icon onlinekeralanews.com

ഓപ്പറേഷൻ നുമ്ഖോർ: സമൂഹമാധ്യമങ്ങൾ വഴി കാർ വിറ്റ യഷ് കസ്റ്റഡിയിൽ; ഭൂട്ടാൻ മാഫിയയുടെ ഇടനിലക്കാരൻ


കൊച്ചി∙ ഭൂട്ടാൻ ആഡംബര വാഹന കള്ളക്കടത്ത് കേസിൽ (ഓപ്പറേഷൻ നുമ്ഖോർ) രാജസ്ഥാൻ ജയ്പൂർ സ്വദേശി കസ്റ്റംസ് പിടിയിൽ. 23കാരനായ യഷ് എന്നയാളെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തത്. കേസിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി അറസ്റ്റിലാകുന്ന ഏഴാമത്തെയാളാണ് ഇയാൾ. സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു ഇയാളുടെ പ്രവർത്തനം. കള്ളക്കടത്ത് വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ഇടനിലക്കാരനായിനിന്നതും വ്യാജരേഖ ചമച്ച് സ്വന്തം പേരിൽ രണ്ട് ആഡംബര വാഹനങ്ങൾ റജിസ്റ്റർ ചെയ്തതുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഈ കള്ളക്കടത്ത് മാഫിയയുടെ മുഖ്യസൂത്രധാരൻ ബംഗാൾ സ്വദേശി ബിശ്വദീപ് ദാസ്, കോഴിക്കോട് എം.എസ് റോഡ്‌വേ കാർസ് പങ്കാളി സെയ്ൻ മാർവ എന്നിവരുമായി ചേർന്ന് യഷ് പ്രവർത്തിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തി. ബിശ്വദീപും െസയ്ൻ മാർവയും നേരത്തേ അറസ്റ്റിലായിരുന്നു.പ്രമുഖ ഐടി കമ്പനിയിലെ സീനിയർ എഞ്ചിനീയറായ ബിശ്വദീപ് ദാസ് ഭൂട്ടാനിൽനിന്ന് എത്തിക്കുന്ന എസ്‌യുവികൾ ഇടനിലക്കാർ വഴിയാണ് കോഴിക്കോട്ടെത്തിച്ചിരുന്നത്. ഇതിനു സഹായം ചെയ്ത ഇടനിലക്കാരൻ യഷ് ആണെന്നാണ് കസ്റ്റംസ് കരുതുന്നത്. ബിശ്വദീപ് അറസ്റ്റിലായതോടെയാണ് അന്വേഷണം ആദ്യം മാർവയിലേക്കും ഇപ്പോൾ യഷിലേക്കും എത്തിയത്. ഈ തട്ടിപ്പിന് അസമിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വലിയ സഹായം ലഭിച്ചിരുന്നു. അസമിലെ ബോങ്യാഗാവോണിൽ വ്യാജരേഖകൾ ഉപയോഗിച്ച് 464 വാഹനങ്ങൾ റജിസ്റ്റർ ചെയ്തതായി അസം പൊലീസ് കണ്ടെത്തിയിരുന്നു. ഇവയിൽ ഭൂരിഭാഗവും ആദ്യ റജിസ്ട്രേഷൻ കാണിച്ചിരിക്കുന്നത് ലക്ഷദ്വീപിലാണ്. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരേ ചേസിസ്-എഞ്ചിൻ നമ്പറുകളിൽ 15,849 വാഹനങ്ങൾ ഓടുന്നതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും (സിഎജി) കണ്ടെത്തിയിരുന്നു.


Source link
Exit mobile version