Site icon onlinekeralanews.com

പൈപ്പ് കണക്‌ഷനും വൈദ്യുതിയുമില്ല: പക്ഷേ ഇത് ഭാഗ്യം കൊണ്ടുവന്ന വീട്


ജനിച്ചു വളർന്ന വീട് പലർക്കും ഒരു വികാരമാണ്. വൻകിട നഗരങ്ങളിലോ വിദേശരാജ്യങ്ങളിലോ പോയി കോടികളുടെ വീട് സ്വന്തമാക്കി താമസിക്കുമ്പോഴും സ്വന്തം നാട്ടിൽ ജനിച്ചു വളർന്ന ചെറിയ വീട്ടിൽ കഴിഞ്ഞതിന്റെ സമാധാനം കിട്ടുന്നില്ല എന്ന് പറയുന്നവരും ഏറെയാണ്. ഇന്നത്തെ ജീവിത സാഹചര്യവുമായി തട്ടിച്ചുനോക്കുമ്പോൾ അസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ജനിച്ചു വളർന്ന വീട് നശിച്ചു പോകാതിരിക്കാൻ കഴിയുന്നതൊക്കെ ചെയ്യുന്നവരുമുണ്ട്. തൊഴിൽ രംഗത്തും ബിസിനസിലും വലിയ വിജയം കൊയ്ത് ലോകപ്രശസ്തരായ പലരുടെയും തുടക്കം ഇത്തരം ചെറിയ വീടുകളിൽ നിന്നായിരുന്നു.അമേരിക്കയിൽ ഗോൾഡ് വാട്ടർ എന്ന ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്‌ഫോം ആരംഭിച്ച് വിജയം നേടിയ വിജയ് തിരുമലൈ എന്ന തമിഴ്നാട് സ്വദേശിയായ സംരംഭകന്റെ കാര്യവും മറിച്ചല്ല. തന്റെ എല്ലാ വിജയങ്ങൾക്കും തുടക്കം കുറിച്ച ജന്മനാട്ടിലെ ചെറിയ വീടിനോടുള്ള സ്നേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.തമിഴ്നാട്ടിലെ ഉൾഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന തന്റെ കുടുംബ വീടിന്റെ ചിത്രങ്ങൾ സഹിതമാണ് വിജയ് തിരുമലൈ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയിൽ ഒരു റോഡ് ഷോയ്ക്കായി യാത്ര തിരിക്കുന്നതിന് മുൻപ് നാട്ടിലെ ഗ്രാമത്തിലെ ചിത്തിരൈ ഉത്സവത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പഴയ തറവാട്ടു വീട്ടിലേക്കും വിജയ് എത്തിയത്. കല്ലിൽ കെട്ടിയ ഇളംതിണ്ണയും പഴമ നിറഞ്ഞുനിൽക്കുന്ന ചുറ്റുപാടുകളുമുള്ള ഓടുമേഞ്ഞ ഒരു ചെറിയ വീടാണിത്.തന്റെ അച്ഛനും സഹോദരങ്ങളും ജനിച്ചുവളർന്ന വീടാണിത് എന്ന് വിജയ് പറയുന്നു. വൈദ്യുതി പൈപ്പ് വെള്ളം തുടങ്ങിയ സൗകര്യങ്ങളൊന്നും ഇവിടെ ഇല്ല. എന്നാൽ ജീവിതത്തിന്റെ നല്ലകാലം മുഴുവൻ അവർ കഴിഞ്ഞത് ഇവിടെയാണ്. ഈ ചെറിയ വീട്ടിലെ അസൗകര്യങ്ങൾക്കിടയിൽ തന്നെ മികച്ച രീതിയിൽ അവർ വിദ്യാഭ്യാസവും പൂർത്തിയാക്കി. ഇന്ന് ഈ കുടുംബത്തിലെ പിൻതലമുറക്കാരെല്ലാം സ്റ്റാർട്ടപ്പുകൾ, ബിഗ് ടെക്, ഫിനാൻസ് എന്നീ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ട് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ സസുഖം ജീവിക്കുകയാണ്. എന്നാൽ കുടുംബത്തിന്റെ മുഴുവൻ വിജയത്തിന്റെയും തുടക്കം ഇവിടെ നിന്നായിരുന്നു എന്ന് ഓർത്തെടുക്കുകയാണ് വിജയ്.പോസ്റ്റ് ശ്രദ്ധ നേടിയതോടെ പുറം നാടുകളിലേക്ക് ജീവിതം പറിച്ചുനട്ട പലരും ജനിച്ച വീടിനെക്കുറിച്ച് ഗൃഹാതുരത്വം നിറഞ്ഞ ഓർമകൾ പങ്കുവയ്ക്കുന്നുണ്ട്. ഇതേ രീതിയിൽ ഗ്രാമപ്രദേശത്തെ സൗകര്യങ്ങൾ തീരെയില്ലാത്ത ചെറിയ വീടുകളിൽ നിന്നായിരുന്നു തങ്ങളുടെയും തുടക്കമെന്ന് പറയുന്നവർ ഏറെയാണ്. വിദേശരാജ്യങ്ങളിൽ തൊഴിലിലും ജീവിതത്തിലും വിജയം നേടിയ പലർക്കും അതിന് അനുയോജ്യമായ സാഹചര്യമൊരുക്കാൻ മുൻതലമുറക്കാർ എത്രത്തോളം കഷ്ടപ്പാടുകളിലൂടെയാണ് കടന്നുവന്നിരുന്നത് എന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയായി മാറി ഈ പോസ്റ്റ്. ഇത്തരം വീടുകൾ കാണുമ്പോൾ തന്നെ മനസ്സിൽ സമാധാനം വന്നു നിറയുന്നു എന്നാണ് ഒരു കമന്റ്.


Source link

CINEMA
Exit mobile version