ഇടിയും മിന്നലും ശക്തമായ മഴയും ചേരുന്ന ‘ചേലിന്’ കാത്ത് വിഴിഞ്ഞം തീരം; ആളുകളും യാനങ്ങളും എത്തിത്തുടങ്ങി

വിഴിഞ്ഞം ∙ മത്സ്യബന്ധന സീസണിന്റെ ഭാഗമായി ആളുകളും യാനങ്ങളും എത്തിത്തുടങ്ങി, ഇനി കാലവർഷം കനിയണം. കടൽ ഇളക്കി മറിച്ചുള്ള ‘ചേൽ’ വരുന്നതും കാത്തിരിപ്പാണ് തീരം. ഇതു വന്നു പോയി കടൽ ശാന്തമായാൽ മാത്രമേ മനഃസമാധാനത്തോടെ കടലിൽ പോകാനാകൂ എന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. വൈകാശി 10 ദിനമായ 25നാണ് കടലിളക്കുന്ന കനത്തമഴ പെയ്യേണ്ടിയിരുന്നതെന്ന് ഇവർ പറയുന്നു. ചിലപ്പോൾ വരുന്ന ദിവസങ്ങളിൽ വന്നേക്കാമെന്നും തൊഴിലാളികൾ കണക്കു കൂട്ടുന്നു.ശക്തമായ കാറ്റും ഒഴുക്കും ഇടിയും മിന്നലിനുമൊപ്പം ശക്തമായ മഴയും ചേരുന്നതാണ് ചേൽ എടുക്കൽ. ഇതിനു ശേഷം നല്ല മത്സ്യലഭ്യത ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതിനെ തുടർന്നാണ് മൂന്നു നാലു മാസം നീളുന്ന മത്സ്യബന്ധന സീസൺ തുടക്കം. പൂന്തുറ മുതൽ പൂവാർ വരെയുളള സമീപ തീരങ്ങളിലെ മത്സ്യത്തൊഴിലാളികളും വള്ളങ്ങളുമാണ് വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്ത് എത്തിയിട്ടുളളത്. ഇക്കുറി നല്ലൊരു സീസണാണ് ഏവരും പ്രതീക്ഷിക്കുന്നത്.അതിനു പ്രകൃതിയുടെ കനിവു കാത്തിരിക്കെയാണ് വിഴിഞ്ഞം തീരം.
Source link
