Site icon onlinekeralanews.com

ലൈംഗിക പീഡനക്കേസ്: മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി


കൊച്ചി ∙ ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലറായിരുന്ന എം.പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മണ്ണാർക്കാട് എസ്‍സി, എസ്ടി കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ബലാത്സംഗം, എസ്‌സി, എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകളാണ് പ്രശോഭിനെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിനു പിന്നാലെ പ്രശോഭ് ഒളിവിൽ പോയി. ജോലിവാഗ്ദാനം നൽകി പരിചയപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് അതിജീവിത മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്കും പരാതി നൽകുകയായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളുമായുള്ള തന്റെ രാഷ്ട്രീയ സ്വാധീനം പറഞ്ഞ് കൗൺസിലർ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപി‌ച്ചിരുന്നു. സംഭവം വിവാദമായതോടെ കോൺഗ്രസ് നേതൃത്വം പ്രശോഭിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കുന്നത്തൂർമേട് നോർത്ത് കൗൺസിലർ സ്ഥാനം രാജിവെക്കാനും ഡിസിസി ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന സമത്തായിരുന്നു വിഷയം ഉയർന്നു വന്നത് എന്നതിനാൽ ഇത് തിരഞ്ഞെടുപ്പിലും വലിയ തോതിൽ ചർച്ചയായിരുന്നു.


Source link
Exit mobile version