Site icon onlinekeralanews.com

മധു വധക്കേസ്: ‌ഒന്നാംപ്രതിക്ക് തുണയായത് തെളിവുകളുടെ അഭാവം; ദൃക്സാക്ഷികളുടെ മൊഴിമാറ്റത്തെ വിമർശിച്ച് കോടതി


കൊച്ചി ∙ അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈന് എതിരെ ചുമത്തിയ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു ഹൈക്കോടതി വിലയിരുത്തി. പ്രതികൾ പിടിച്ചുകൊണ്ടുവന്നു മുക്കാലി ജംക്‌ഷനിൽ ഇരുത്തിയ മധുവിന്റെ നെഞ്ചിൽ ഹുസൈൻ ആഞ്ഞ് ചവിട്ടിയെന്നും ആഘാതത്തിൽ ഭണ്ഡാരപ്പെട്ടിയുടെ കോൺക്രീറ്റ് ഭിത്തിയിൽ മധുവിന്റെ തല ഇടിച്ചെന്നുമായിരുന്നു പ്രോസിക്യുഷൻ കേസ്. മൂന്നു സെക്കൻഡിനുള്ളിലാണ് ഇത് നടന്നത്. എന്നാൽ ചവിട്ടിയെന്നതു സംബന്ധിച്ചു സാക്ഷി മൊഴികൾ സിസിടിവി ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു.മുക്കാലി ജംക്‌ഷനിൽ ഹുസൈന്റെ സാന്നിധ്യം പ്രോസിക്യൂഷൻ സ്ഥാപിച്ചെങ്കിലും പ്രതിയാക്കാൻ സംഭവസ്ഥലത്തെ സാന്നിധ്യം മാത്രം പോരാ. സംഘം ചേരുന്നതിനു കാരണമായ ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നെന്നു തെളിയിക്കേണ്ടതുണ്ട്. മകളുടെ വീടുമായി ബന്ധപ്പെട്ട കാര്യത്തിനാണു മുക്കാലി ജംക്‌ഷനിൽ എത്തിയതെന്ന ഹുസൈന്റെ വിശദീകരണം പൂർണമായും തള്ളിക്കളയാനാവില്ല. പ്രോസിക്യൂഷൻ സംശയത്തിന് അതീതമായി ഇക്കാര്യങ്ങൾ തെളിയിക്കേണ്ടതാണെന്നു വിലയിരുത്തിയാണു കോടതി ഹുസൈനെ വിട്ടയച്ചത്. ഹുസൈനായി അഡ്വ.ടി.ഷാജിത്ത് ഹാജരായി


Source link
Exit mobile version