Site icon onlinekeralanews.com

മുൻ ചക്രമില്ലാത്ത സൈക്കിളിൽ ഇന്ത്യ മുഴുവൻ ചുറ്റി; വേൾഡ് റെക്കോർഡെന്ന വലിയ ലക്ഷ്യത്തിന് തൊട്ടരികിൽ സനീദ്


വിഷ്‌ണുപ്രിയ ജെ എസ് | Monday 25 May, 2026 | 11:07 AM

ജീവിതത്തിൽ ആഗ്രഹങ്ങളില്ലാത്തവർ വളരെ കുറവാണ്. ചിലർ ജീവിതത്തോട് പൊരുതി സ്വപ്‌നങ്ങൾ ഉപേക്ഷിക്കുമ്പോൾ മറ്റുചിലരാകട്ടെ സ്വപ്‌നങ്ങൾക്കുവേണ്ടി മറ്റെല്ലാം ഉപേക്ഷിക്കാൻ തയ്യാറാകുന്നവരാണ്. ഇത്തരക്കാർക്ക് സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും എതിർപ്പുകളുണ്ടാകും. അതിനെയൊന്നും വകവയ്‌ക്കാതെ ആത്മധൈര്യത്തോടെ പോരാടുന്നവർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഒരാളാണ് കണ്ണൂർ ശ്രീകണ്‌ഠപുരം സ്വദേശി സനീദ്. തന്റെ ഇഷ്‌ടങ്ങളിലൂടെ വേൾഡ് റെക്കോർഡ് എന്ന സ്വപ്‌നത്തിനായുള്ള പോരാട്ടത്തിലാണ് 25കാരനായ സനീദ്. അദ്ദേഹത്തെ പരിചയപ്പെടാം.

വഴിത്തിരിവ്

മുഹമ്മദിന്റെയും സുബൈദയുടെയും ആറ് മക്കളിൽ നാലാമനാണ് സനീദ്. സ്‌കൂൾ പഠനശേഷം സർക്കാർ കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി. ശേഷം ഇന്റീരിയർ ഡിസൈനിംഗ് പഠിച്ചു. പിന്നാലെ ഒരു സ്ഥാപനത്തിൽ നാല് മാസം ജോലി ചെയ്‌തു. ഈ സമയത്താണ് തന്റെ ജീവിതത്തിന്റെ ലക്ഷ്യം ഇതല്ല എന്ന് സനീദിന് തോന്നിയത്.

വർഷങ്ങളായി ബൈക്ക്, സൈക്കിൾ സ്റ്റണ്ടറായ സനീദിന് യാത്രകളോട് വലിയ ഹരമായിരുന്നു. സാധാരണ യാത്രയ്‌ക്ക് പകരം വ്യത്യസ്‌തമായി മുൻചക്രം ഇല്ലാത്ത സൈക്കിളിൽ കേരളം മുഴുവൻ സഞ്ചരിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ മാതാപിതാക്കൾ ആദ്യമൊക്കെ എതി‌ർത്തെങ്കിലും പിന്നീട് അവർ മകന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു. 2021ലാണ് സനീദ് കേരളം ചുറ്റാനിറങ്ങിയത്. ഒന്നര മാസംകൊണ്ട് വിജയകരമായി ആ യാത്ര പൂർത്തീകരിച്ചു.

പിന്നീട് 2022ൽ ഇന്ത്യ മുഴുവൻ സൈക്കിളിൽ സഞ്ചരിച്ചു. ഈ യാത്ര ഒരു വർഷം കൊണ്ട് പൂർത്തീകരിച്ചു. ഒന്നര വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇപ്പോൾ കേരളത്തിൽ നിന്ന് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് മുൻചക്രമില്ലാത്ത സൈക്കിളിൽ സഞ്ചരിക്കുന്നത്.

പ്രതിസന്ധികൾ

മാസങ്ങളും ചിലപ്പോൾ ഒരു വർഷത്തോളവും നീളുന്ന യാത്രയാണ് സനീദിന്റേത്. വഴിയിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും വഴിയിൽ കാണുന്ന ജനങ്ങൾ തരുന്ന പിന്തുണയാണ് തനിക്കുള്ള ഏറ്റവും വലിയ ഊർജമെന്ന് സനീദ് പറയുന്നു. യാത്രയ്‌ക്കിടെ ഉറക്കം കുറയുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. എന്നും ടെന്റിലാണ് ഉറങ്ങുന്നത്. രാത്രിയുള്ള ഭക്ഷണം സ്വയം പാകം ചെയ്യും. ഇതിനാവശ്യമായ സാധനങ്ങൾ ബാഗിൽ കരുതാറുണ്ട്. ബാക്കിയുള്ള സമയങ്ങളിൽ കടകളിൽ നിന്ന് കഴിക്കും.

സൈക്കിളിന്റെ ചെറിയ കേടുപാടുകൾ സ്വയം ശരിയാക്കും. വലിയ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് പുറത്ത് കൊടുത്ത് ശരിയാക്കുക. സ്വരുക്കൂട്ടി വച്ചിരുന്ന പണം ഉപയോഗിച്ചാണ് യാത്രകൾ ചെയ്യുന്നത്. യാത്ര ഇല്ലാത്ത സമയങ്ങളിൽ ബൈക്ക് സ്റ്റണ്ടിംഗ് ചെയ്യാറുണ്ട്. മാത്രമല്ല, സുഹൃത്തുക്കളുടെ സഹായവും സനീദിന് ലഭിക്കുന്നുണ്ട്. ആവശ്യത്തിന് മാത്രം പണം ഉപയോഗിച്ചാണ് യാത്രകൾ ചെയ്യുന്നത്. അതിനാൽ അധികചെലവ് വരില്ലെന്നും സനീദ് പറഞ്ഞു.

വേൾഡ് റെക്കോർഡുകൾ

മുൻ ചക്രമില്ലാത്ത സൈക്കിളിൽ ആരും ഇതുവരെ എവറസ്റ്റ് ബേസ് ക്യാമ്പിൽ പോയിട്ടില്ല. ആ റെക്കോർഡ് സ്വന്തം പേരിലാക്കുക എന്നതാണ് സനീദിന്റെ ഇപ്പോഴത്തെ ലക്ഷ്യം. ലഡാക്കിലെ ഉംലിംഗ്‌ലാ പാസിലേക്കും ഖർദംഗ് ലാ പാസിലേക്കും മുൻ ചക്രമില്ലാത്ത സൈക്കിളിൽ യാത്ര ചെയ്‌തെത്തിയ ആദ്യ വ്യക്തിയും സനീദാണ്. ഇത്രയും കഷ്‌ടപ്പെട്ട് യാത്ര ചെയ്‌ത് എത്തിയിട്ടും വലിയൊരു തുക നൽകിയാൽ മാത്രമേ അതിനുള്ള റെക്കോർഡ് ലഭിക്കുകയുള്ളു എന്നതിനാൽ സനീദ് അതിന് തയ്യാറായില്ല. ഇതൊരു സ്വപ്‌നമാണ് അത് എന്നും തുടരുമെന്ന് സനീദ് പറയുന്നു. ഏകദേശം 12 വർഷത്തോളമായി മുൻ ചക്രമില്ലാത്ത സൈക്കിളിൽ സഞ്ചരിച്ച് പരിചയമുള്ളതിനാൽ അതൊരു ബുദ്ധിമുട്ടായി സനീദിന് തോന്നാറില്ല.

സോഷ്യൽ മീഡിയയിലെ തെറ്റിദ്ധാരണ

സോഷ്യൽ മീഡിയ വഴി സനീദിന് മോശം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. നെഗറ്റീവ് കമന്റുകൾ ധാരാളം വരാറുണ്ട്. ‘ആളുകളെ കാണിക്കാനുള്ള പ്രഹസനം, ഫോളോവേഴ്‌സ് കൂടാൻ ചെയ്യുന്നതാണിത്’, തുടങ്ങിയ കമന്റുകളാണ് വരുന്നത്. പക്ഷേ, താനൊരിക്കലും സോഷ്യൽ മീഡിയയിൽ ആളുകളെ കൂട്ടാൻ ശ്രമിക്കാറില്ലെന്നാണ് സനീദ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞത്. തന്റെ പേരിലൊരു വേൾഡ് റെക്കോർഡ് സ്വന്തമാക്കുക എന്നത് മാത്രമാണ് സനീദിന്റെ ലക്ഷ്യം.

യുവതലമുറയോട് പറയാനുള്ളത്

ലഹരിക്കെതിരായ ക്യാമ്പയിൽ കൂടിയാണ് സനീദിന്റെ യാത്രകൾ.

‘പുതുതലമുറ ലഹരികൾക്കടിമയായി പല തെറ്റുകളും ചെയ്യുന്നു. ഇതിന് പകരം സ്വന്തം സ്വപ്‌നങ്ങളെ ലഹരിയായി കാണണം. അതുമായി മുന്നോട്ടുപോയി ജീവിതത്തിൽ സന്തോഷം കണ്ടെത്തണം’ – സനീദ്.


Source link
NEWS
Exit mobile version