അതാവും ജനം വി ഡിക്കായി തെരുവിൽ ഇറങ്ങിയത്, നാടിന്റെ മുറവിളി തന്നെ അമ്പരപ്പിച്ചെന്ന് മോഹൻലാൽ

കൊച്ചി: പറവൂരിൽ നടന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് നടൻ മോഹൻലാൽ. സത്യസന്ധതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വി.ഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. മനസിൽ ചങ്ങാതിയുടെ സ്ഥാനമാണ് മുഖ്യമന്ത്രി സതീശനുള്ളത്. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട് നാട് അദ്ദേഹത്തെ സി.എം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സതീശൻ സർ എന്നാണ് മോഹൻലാൽ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത്. സലിംകുമാർ, ശ്രീകുമാരൻ തമ്പി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
നേരത്തെ കൊച്ചിയിൽ നടന്ന സ്വീകരണ പരിപാടിയിൽ സൂപ്പർതാരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പങ്കെടുത്തിരുന്നു. കൊച്ചി പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് മുഖ്യമന്ത്രിക്കും ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർക്കും എം.എൽ.എമാർക്കും രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സ്വീകരണം ഒരുക്കിയത്. വി.ഡി. സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. ഉത്സാഹത്തോടെയും നീതിപൂർവകമായും പ്രവർത്തിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് കഴിയട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കുക ബുദ്ധിമുട്ടുള്ളതും വലിയ ഉത്തരവാദിത്വമുള്ളതുമായ കാര്യമാണ്. എല്ലാവരെയും പരിഗണിക്കുകയും കേൾക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യണം. മന്ത്രിമാരെ നിയന്ത്രിക്കുകയും നേതൃത്വം വഹിക്കുകയും പ്രവർത്തിക്കുകയും വേണം. സിനിമയിൽ കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരായി താൻ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, യഥാർത്ഥ മുഖ്യമന്ത്രിപദവി വിഷമകരമാണെന്ന് മമ്മൂട്ടി പറഞ്ഞു.
Source link
NEWS


