NATIIONAL
സൂര്യയെ കൈവിട്ട് ഗംഭീർ? അടുത്ത ക്യാപ്റ്റൻ ശ്രേയസ്സുമല്ല, സഞ്ജുവുമല്ല; മുംബൈ ഇന്ത്യൻസിലെ യുവതാരത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

മുംബൈ ∙ സൂര്യകുമാർ യാദവ് ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റനായി തുടരുമോ? ബിസിസിഐയുടെ ഉന്നതവൃത്തങ്ങൾ ഏറ്റവുമൊടുവിൽ നൽകുന്ന സൂചന അനുസരിച്ച് ക്യാപ്റ്റൻ പദവിയിൽ സൂര്യകുമാർ യാദവിന്റെ ഭാവി ഇനി പ്രധാനമായും തീരുമാനിക്കുക മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ആയിരിക്കും. ഒരു ബാറ്റർ എന്ന നിലയിൽ മാത്രം സൂര്യയെ ടീമിൽ നിലനിർത്തണമോ എന്ന കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിക്കും വ്യക്തതയില്ല. അതേസമയം, ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതകേന്ദ്രങ്ങളിൽ അടുത്ത ക്യാപ്റ്റൻ ആകാൻ സാധ്യതയുള്ളവരുടെ പേരുകളെക്കുറിച്ചുള്ള ചർച്ചകൾ ഇതിനകം തന്നെ സജീവമായിക്കഴിഞ്ഞു. ഐപിഎലിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനും ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റുമായ ശ്രേയസ് അയ്യരാണ് പരിഗണനയിൽ മുൻപന്തിയിലുള്ള ഒരാൾ. എന്നാൽ ശ്രേയസ്സിനും ഗംഭീറിനും ഒത്തുപോകാൻ സാധിക്കുമോ എന്നത് ഒരു ചോദ്യചിഹ്നമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 2024 ഐപിഎൽ വിജയം മെന്റർ എന്ന നിലയിൽ ഗംഭീറിന്റെ വിജയമായി പരക്കെ ചിത്രീകരിക്കപ്പെട്ടപ്പോൾ ശ്രേയസ്സിനുണ്ടായ അതൃപ്തിയും നിരാശയും ക്രിക്കറ്റ് ലോകം ഇപ്പോഴും മറന്നിട്ടില്ല. എന്നാൽ സങ്കീർണതകൾ അവിടെയും അവസാനിക്കുന്നില്ല. കൗമാരവിസ്മയം വൈഭവ് സൂര്യവംശി സീനിയർ ടീമിലേക്ക് ഉടൻ വിളി പ്രതീക്ഷിക്കുന്നുണ്ട്. ഈ വർഷം തന്നെ അതു സംഭവിച്ചേക്കും. അങ്ങനെയെങ്കിൽ വൈഭവിനെ ഓപ്പണറാക്കേണ്ടി വരും. ഗില്ലിന്റെ സാധ്യതകൾ അവസാനിക്കും. ഈ സാഹചര്യത്തിലാണ് മറ്റൊരു പേര് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. പ്ലേയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യവും ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരവുമായ തിലക് വർമയെയും നായകനായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യ എ ടീമിന്റെ നായകനായി തിലകിനെ തീരുമാനിച്ചതെന്നും ബിസിസിഐ വൃത്തം പറഞ്ഞു.
Source link


