test del 4 copy of del 3
അതിഥിത്തൊഴിലാളികളെ കേരളത്തിലെത്തും മുൻപ് ട്രെയിനിൽനിന്ന് റാഞ്ചാൻ സംഘങ്ങൾ; 200 പേരുടെ സംഘം എത്തിയപ്പോൾ 20 പേർ മാത്രം

കോട്ടയം ∙ കെട്ടിടനിർമാണ കമ്പനികളും കരാറുകാരും ടിക്കറ്റും വഴിച്ചെലവും നൽകി കൊണ്ടുവരുന്ന അതിഥിത്തൊഴിലാളികളെ കേരളത്തിലെത്തും മുൻപ് ട്രെയിനിൽനിന്ന് റാഞ്ചാൻ സംഘങ്ങൾ. ചെന്നൈ, മംഗളൂരു സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. തൊഴിലാളികളെ ‘ഭദ്രമായി’ സംസ്ഥാനത്ത് എത്തിക്കുന്നതിനായി സ്പെഷൽ ട്രെയിൻ വേണമെന്നാവശ്യപ്പെട്ട് ബിൽഡേഴ്സ് അസോസിയേഷൻ റെയിൽവേക്ക് കത്തുനൽകി. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടൽ അഭ്യർഥിച്ച് ഭാരവാഹികൾ സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തും.ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളിൽനിന്ന് മംഗളൂരു വഴിയും ഒഡീഷ, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ചെന്നൈ വഴിയുമാണ് തൊഴിലാളികൾ എത്തുന്നത്. ഇതിനിടയിലുള്ള സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറുന്ന ഏജന്റുമാർ പണിക്കൂലി കൂട്ടിനൽകാമെന്ന് വാഗ്ദാനം ചെയ്ത് തൊഴിലാളികളെ ചെന്നൈക്കും മംഗളൂരുവിനും മുൻപുള്ള ചെറിയ സ്റ്റേഷനുകളിൽ ഇറക്കും. ഇറങ്ങേണ്ട സമയമാകുമ്പോഴാണ് സംഘത്തലവനായ മേസ്തിരി പോലും തൊഴിലാളികൾ കൂടെയില്ലെന്ന് തിരിച്ചറിയുന്നത്.കോവിഡ് കാലത്താണ് ഇത്തരത്തിലുള്ള തൊഴിലാളിക്കടത്ത് മുൻപ് നടന്നതെന്ന് കരാറുകാർ പറയുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്കാണ് ഇങ്ങനെ കടത്തുന്ന തൊഴിലാളികളെ പ്രധാനമായും എത്തിക്കുന്നത്. കേരളത്തിന് സമാനമായ തൊഴിലാളി ക്ഷാമം ഈ സംസ്ഥാനങ്ങളിലുമുണ്ട്. 900– 1,000 രൂപയാണ് ഇവരുടെ ശരാശരി കൂലി. മൺസൂണിൽ പണിദിനങ്ങൾ കുറയുന്നതും പ്രധാന ഭക്ഷ്യയിനങ്ങളായ പരിപ്പ്, കിഴങ്ങുകൾ എന്നിവയുടെ വില കൂടിയതും പരിഗണിക്കുമ്പോൾ 100 രൂപ കൂട്ടിത്തരാമെന്ന് പറഞ്ഞാലും തൊഴിലാളികൾ സമ്മതിക്കും.
Source link


