Site icon onlinekeralanews.com

ശോഭാ സുരേന്ദ്രനെതിരായ പരാതി; കളക്‌ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും


പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനുവേണ്ടി വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ കളക്‌ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് കളക്‌ടർ റിപ്പോർട്ട് സമർപ്പിക്കുന്നത്. കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്‌ക്ക് പണം കൈമാറിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ ശാസ്‌ത്രീയ പരിശോധനാഫലവും റിപ്പോർട്ടിനൊപ്പം സമ‌ർപ്പിക്കും. വോട്ടെടുക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ബിജെപി പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് കാണിക്കുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടത്. കണ്ണാടി പഞ്ചായത്തിലെ തിരുവാക്കുറിശിയിലാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരെത്തിയത്. ദേവു എന്ന വയോധികയ്‌ക്ക് ശോഭയ്‌ക്കൊപ്പം കാറിൽ സഞ്ചരിച്ച യുവതി പണം നൽകിയെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. പണം ലഭിച്ചതായി വയോധിക ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് മാറ്റിപ്പറയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. പണം കൈമാറിയത് ചോദ്യം ചെയ്‌തവരോട് ശോഭ സുരേന്ദ്രനും കൂടെയുണ്ടായിരുന്നവരും തട്ടിക്കയറുന്നതും ദൃശ്യങ്ങളിൽ കാണാം.


Source link

Exit mobile version