കുടമാറ്റത്തിൽ നവോത്ഥാന നായകർക്കൊപ്പം ആർഎസ്‌എസ് നേതാവിന്റെ ചിത്രവും; നടപടി ഹൈക്കോടതി നിർദേശം കാറ്റിൽ പറത്തി

കൊല്ലം: പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തിൽ ആർ എസ് എസ് നേതാവിന്റെ ചിത്രം ഉയർത്തിയത് വിവാദത്തിൽ. നവോത്ഥാന നായകർക്കൊപ്പം ആർ എസ് എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രമാണ് ഉയർത്തിയത്. ഇതാണ് വിവാദമായത്.ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന കുടമാറ്റത്തിനിടെയായിരുന്നു സംഭവം. ബി ആർ അംബേദ്ക്കർ, സുഭാഷ് ചന്ദ്രബോസ്, ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദൻ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയർത്തിയത്.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പരാതി നൽകിയിട്ടുണ്ട്. വിശ്വാസികൾക്കിടയിൽ ഭിന്നിപ്പും സംഘർഷവും ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കാണിച്ചാണ് പരാതി നൽകിയത്. ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നു. കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിപ്ലവഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലെ ഉത്തരവിലാണ് ഈ പ്രസ്താവന വന്നത്.
ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 10ന് അലോഷി അവതരിപ്പിച്ച ഗാനമേളയ്‌ക്കിടെയാണ് വിപ്ലവഗാനം പാടിയത്. സ്റ്റേജിന്റെ പശ്ചാത്തലത്തിൽ ഡി വൈ എഫ് ഐയുടെ പതാകയും പ്രദർശിപ്പിച്ചിരുന്നു. ഇത് ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് അഡ്വ. വിഷ്ണു സുനിൽ പന്തളമാണ് കോടതിയെ സമീപിച്ചത്.
സ്ഥിരമായി ആരാധന നടത്തുന്നവരാണ് ക്ഷേത്രോപദേശക സമിതിയിൽ ഉണ്ടാകേണ്ടത്. രാഷ്ട്രീയക്കാരെ അനുവദിക്കാനാകില്ല. അവരുടെ പ്രചാരണങ്ങളും പാടില്ല. ആചാരപരവും സാംസ്കാരികവുമായ പരിപാടികളാണ് നടക്കേണ്ടത്. ഭക്തിഗാനങ്ങൾക്ക് പകരം സിനിമാപ്പാട്ട് പാടാനാണോ ഉത്സവ വേദികളെന്നും കോടതി ചോദിച്ചിരുന്നു.
Source link