വീണ്ടും ‘70,000’ രൂപ കടന്ന് സ്വർണക്കുതിപ്പ്, ട്രംപ്-ചൈന പുതിയ തർക്കം ‘ആകാശത്ത്’, പവന്റെ വാങ്ങൽ വില 80,000ന് മേലെ

അക്ഷയതൃതീയയും വിവാഹസീസണും മുന്നിൽനിൽക്കേ, ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് കനത്ത നിരാശയുമായി സ്വർണവില വീണ്ടും കത്തിക്കയറി പുത്തൻ റെക്കോർഡിൽ. കഴിഞ്ഞ ഏതാനും ദിവസമായി താഴേക്കിറങ്ങിയ വിലയാണ് ആഗോള ചലനങ്ങളുടെ ചുവടുപിടിച്ച് ഇന്ന് ഒറ്റയടിക്ക് കുതിച്ചുകയറിയത്. കേരളത്തിൽ ഗ്രാമിന് 95 രൂപ കൂടി 8,815 രൂപയും പവന് 760 രൂപ മുന്നേറി 70,520 രൂപയുമായി. കഴിഞ്ഞ ശനിയാഴ്ച (ഏപ്രിൽ 12) രേഖപ്പെടുത്തിയ ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമെന്ന റെക്കോർഡ് ഇനി മറക്കാം.18 കാരറ്റ് സ്വർണവിലയും പുതിയ റെക്കോർഡ് രേഖപ്പെടുത്തി. ഇന്നു ചില കടകളിൽ വില ഗ്രാമിന് 75 രൂപ ഉയർന്ന് 7,300 രൂപയായി. മറ്റു ചിലകടകളിൽ 80 രൂപ വർധിച്ച് 7,260 രൂപ. വെള്ളിവില 108 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. ഗോൾഡ്മാൻ സാക്സ്, യുബിഎസ് എന്നിവ പ്രവചിച്ചതുപോലെ സ്വർണവില 2025ൽ റെക്കോർഡുകൾ തകർത്ത് മുന്നേറിയേക്കാമെന്ന സൂചനയാണ് രാജ്യാന്തര വിപണി നൽകുന്നത്. ഇതു സംബന്ധിച്ച വിശദാംശം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.രാജ്യാന്തരവിലയുടെ റെക്കോർഡ് കുതിപ്പിന്റെ ആവേശമാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് ഒറ്റയടിക്ക് 60 ഡോളറിലധികം കയറി പുത്തൻ റെക്കോർഡായ 3,281.28 ഡോളർ വരെയെത്തി. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 3,246 ഡോളർ എന്ന റെക്കോർഡ് പഴങ്കഥയായി. വില 3,250 ഡോളർ മറികടന്നതും ചരിത്രത്തിലാദ്യം. വില 3,300 ഡോളർ എന്ന ‘സൈക്കോളജിക്കൽ’ തലം ഭേദിച്ചാൽ കുതിപ്പ് കടിഞ്ഞാണില്ലാതെ തുടരുമെന്നാണ് നിരീക്ഷകവാദങ്ങൾ.
Source link