പോലീസിലെ 90 ശതമാനം സ്ത്രീകളും ജൂണിയർ റാങ്കുകളിൽ

സീനോ സാജു ന്യൂഡൽഹി: രാജ്യത്തെ പോലീസ് സേനയിലെ 90 ശതമാനം സ്ത്രീകളും കോണ്‍സ്റ്റബിൾ തലത്തിലുള്ള ജൂണിയർ റാങ്കുകളിലെന്ന് പഠനറിപ്പോർട്ട്. നിയമനിർവഹണത്തിൽ ലിംഗവൈവിധ്യത്തെക്കുറിച്ചുള്ള ബോധവത്കരണം ഉയർന്നുവരുന്നുണ്ടെങ്കിലും പോലീസ് സേനയിലെ സ്ത്രീസംവരണത്തിനുള്ള ക്വോട്ട പൂർത്തീകരിക്കാൻ ഒരു സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും കഴിഞ്ഞില്ലെന്നും പോലീസ്, ജുഡീഷറി, തടവറകൾ, നിയമസഹായം എന്നീ മേഖലകളിൽ സംസ്ഥാനങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ‘ഇന്ത്യ ജസ്റ്റീസ് റിപ്പോർട്ട് 2025’ചൂണ്ടിക്കാട്ടുന്നു. 20.3 ലക്ഷം അംഗങ്ങളുള്ള പോലീസ് സേനയിൽ ഡയറക്ടർ ജനറൽ, പോലീസ് സൂപ്രണ്ട് എന്നീ ഉന്നത തസ്തികകൾ വഹിക്കുന്ന ആയിരത്തിൽ താഴെ മാത്രമേ സ്ത്രീകളുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോലീസ് സേനയിലെ 2.4 ലക്ഷം സ്ത്രീകളിൽ 960 പേർ മാത്രമാണ് ഐപിഎസ് റാങ്കുകളിലുള്ളത്. 24,322 സ്ത്രീകൾ ഡെപ്യൂട്ടി സൂപ്രണ്ട്, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നീ ഐപിഎസ് റാങ്കുകളല്ലാത്ത പദവികളാണു വഹിക്കുന്നത്. 2.17 ലക്ഷം സ്ത്രീകളാണ് കോണ്‍സ്റ്റബിൾ തലത്തിലുള്ള ജൂണിയർ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നത്. പോലീസ്, ജുഡീഷറി, തടവറകൾ, നിയമസഹായം എന്നീ മേഖലകളിലെ ആകമാന പ്രകടനത്തിൽ കേരളം നാലാമതെത്തിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തെ ഒരു കോടിക്കു മുകളിൽ ജനസംഖ്യയുള്ള 18 സംസ്ഥാനങ്ങളിൽനിന്നാണ് കേരളം നാലാമതെത്തിയത്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ആധിപത്യം പുലർത്തിയ റിപ്പോർട്ടിൽ കർണാടക ഒന്നാമതെത്തിയപ്പോൾ ആന്ധ്രപ്രദേശ് രണ്ടാമതെത്തി. തെലുങ്കാന മൂന്നാംസ്ഥാനം നേടിയപ്പോൾ തമിഴ്നാടാണ് അഞ്ചാമത്.
രാജ്യത്തെ 17 ശതമാനം പോലീസ് സ്റ്റേഷനുകളിലും ഒരൊറ്റ സിസിടിവി കാമറകൾപോലും പ്രവർത്തിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 10ൽ മൂന്നു പോലീസ് സ്റ്റേഷനുകളിലും സ്ത്രീകൾക്കുള്ള സഹായ ഡെസ്കുകളുമില്ല. 1987ലെ നിയമ കമ്മീഷൻ ശിപാർശ പ്രകാരം 10 ലക്ഷം ജനങ്ങൾക്ക് 50 ജഡ്ജിമാർ വേണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും രാജ്യത്തെ ഒരു സംസ്ഥാനവും ഇതു നടപ്പിലാക്കിയില്ലെന്നും റിപ്പോർട്ട് അടിവരയിടുന്നു. 10 ലക്ഷം ജനങ്ങൾക്കായി 15.9 ജഡ്ജിമാർ മാത്രം എന്നതാണു നിലവിലെ ദേശീയ ശരാശരി. ജഡ്ജി-ജനസംഖ്യ അനുപാതത്തിൽ പഞ്ചാബ് 24.5 ജഡ്ജിമാരോടെ മുന്നിലുള്ളപ്പോൾ 10 ലക്ഷം ജനങ്ങൾക്ക് 15.6 ജഡ്ജിമാരുമായി ഒരു കോടിക്കു മുകളിൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ 12-ാം സ്ഥാനത്താണു കേരളം. സ്ത്രീകൾ രാജ്യത്തെ നിയസംവിധാനത്തിൽ തഴയപ്പെടുന്നത് ജുഡീഷറിയിലും പ്രകടമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കീഴ്ക്കോടതികളിലെ 38 ശതമാനം ജഡ്ജിമാരും സ്ത്രീകളാണെങ്കിലും ഹൈക്കോടതികളിലെത്തുന്പോൾ സ്ത്രീപങ്കാളിത്തത്തിൽ ഗണ്യമായ കുറവ് വരുന്നു. രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിൽ 14 ശതമാനം മാത്രമാണു സ്ത്രീകളെന്നും റിപ്പോർട്ടിലുണ്ട്.
Source link