നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : ഷൗക്കത്തിനെ ഇറക്കാൻ കോൺഗ്രസ്

കോഴിക്കോട്: ആസന്നമായ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കി പടപ്പുറപ്പാടിന് കോൺഗ്രസ്. ഇന്നലെ കോഴിക്കോട്ട് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ധാരണ.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ കോഴിക്കോട് ഗസ്റ്റ്ഹൗസിൽ ചേർന്ന് യോഗത്തിൽ പങ്കെടുത്തു. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിയുടെ പേര് ഉയർന്നെങ്കിലും ചർച്ചയിൽ ആര്യാടൻ ഷൗക്കത്തിനാണ് മുൻതൂക്കം.
പുറത്തിറങ്ങിയ നേതാക്കൾ നിലമ്പൂരിൽ കഴിവുള്ള നിരവധി സ്ഥാനാർഥികളുടെ പേരുണ്ടെന്നും ആരുമാകാമെന്നും പറഞ്ഞൊഴിഞ്ഞെങ്കിലും ഷൗക്കത്തിനാണ് സാദ്ധ്യത. നിലമ്പൂരിന്റെ മത സാമുദായിക വോട്ടുകൾ പരിഗണിച്ച് ഏറ്റവും അനുകൂല സ്ഥാനാർത്ഥിയെന്ന നിലയിലാണ് ഷൗക്കത്തിനെ പരിഗണിക്കുന്നതെന്നാണ് വിവരം.
അതേസമയം, 2016ൽ പി.വി. അൻവറിനെതിരെ ഷൗക്കത്ത് മത്സരിച്ചപ്പോഴുണ്ടായ വലിയ വോട്ട് വ്യത്യാസം ചർച്ചയായിട്ടുണ്ട്. മാത്രമല്ല, അൻവർ പിന്തുണ പ്രഖ്യാപിച്ചത് വി.എസ്.ജോയിക്കാണെന്നതും തലവേദനയുയർത്തുന്നു. ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ, മലപ്പുറത്ത് ആര് കോൺഗ്രസ് സ്ഥാനാർത്ഥിയായാലും അൻവറിന്റെ പിന്തുണയുണ്ടാകുമെന്നും അത് ഉറപ്പാക്കിയിട്ടുണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം.
കോഴിക്കോട്ടെ യോഗത്തിന് ശേഷം പുറത്തിറങ്ങിയ ചെന്നിത്തല നിലമ്പൂരിൽ വിജയിക്കുന്ന സ്ഥാനാർത്ഥിയാവും കോൺഗ്രസിന്റേതെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥിയുടെ പേരും വരും. അതിൽ ആർക്കും ആശങ്കവേണ്ടെന്നും പറഞ്ഞു.
ഇടതു ക്യാമ്പും സജീവം
ഇടതുപക്ഷത്തും തിരഞ്ഞെടുപ്പിനെ നേരിടാൽ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. നിലമ്പൂരിലെ ഇടത് പ്രവർത്തകർ രാപ്പകൽ അധ്വാനിച്ച് നേടിയതാണ് നിലമ്പൂരിൽ അൻവറിന്റെ വിജയമെന്നും പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ച അൻവറിനുള്ള മറുപടികൂടിയാവും ഉപതിരഞ്ഞെടുപ്പ് ഫലമെന്നും മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
നിലമ്പൂർ തിരിച്ചുപിടിക്കും: വി.ഡി.സതീശൻ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്നും മുന്നൊരുക്കങ്ങൾ നന്നായി നടക്കുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വലിയ ഭൂരിപക്ഷത്തോടെ നിലമ്പൂർ തിരിച്ചു പിടിക്കും. പി.വി.അൻവർ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങളുടെ സഹയാത്രികനായി അദ്ദഹം കൂടെയുണ്ട്. ഇത് യു.ഡി.എഫിന് പ്രയോജനം ചെയ്യും. വിദ്വേഷ പ്രസംഗം ആര് നടത്തിയാലും തെറ്റാണ്. ബി.ജെ.പിയുടെ സഹയാത്രികരാണ് സി.പി.എം. രണ്ട് പേർക്കും ഒരേ അജൻഡയാണ്. ബി.ജെ.പിയുടെ വഴിയിലൂടെയാണ് സി.പി.എമ്മും സഞ്ചരിക്കുന്നത്. രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കുകയെന്ന ബി.ജെ.പി അജൻഡ നടപ്പാക്കാനാണ് സർക്കാർ മുനമ്പം വിഷയം പരിഹരിക്കാതിരുന്നത്.
Source link