ചൂടിനെതിരെ ക്ലാസ് മുറിയിൽ പ്രിൻസിപ്പലിന്റെ ചാണകപ്രയോഗം; എ.സിക്ക് പകരം ചാണകം മതിയോയെന്ന് വിദ്യാർഥികൾ – വിഡിയോ

ന്യൂഡൽഹി∙ ചൂട് കുറയ്ക്കാൻ ഡൽഹി സർവകലാശാലയിലെ കോളജിന്റെ ചുമരിൽ പ്രിൻസിപ്പൽ ചാണകം തേച്ചതിൽ പ്രതിഷേധം. ലക്ഷ്മിബായ് കോളജ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സലയാണ് ഓൾഡ് സി ബ്ലോക്കിൽ ക്ലാസ്മുറിയിലെ ചുമരിൽ ചാണകപ്രയോഗം നടത്തിയത്. ചാണകം തേച്ചാൽ ചൂട് കുറയുമെന്ന കോളജിലെ ഗവേഷക വിദ്യാർഥിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം. ചെളിയും ചാണകവും കൂട്ടിക്കുഴച്ചു തേയ്ക്കുന്ന വിഡിയോ പ്രിൻസിപ്പൽ തന്നെ കോളജ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.പ്രിൻസിലിന്റെ നടപടിക്കു പിന്നാലെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. ഡിയുഎസ്‌യു പ്രസിഡന്റ് റോണക് ഖത്രിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചെത്തിയ വിദ്യാർഥികൾ പ്രിൻസിപ്പല്‍ പ്രത്യുഷ് വത്സലയുടെ ഓഫിസിന്റെ ചുമരിൽ ചാണകം പുരട്ടി. ഇത്തരമൊരു നടപടിക്ക് വിദ്യാർത്ഥികളിൽനിന്ന് സമ്മതം വാങ്ങിയിട്ടില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. ഗവേഷണം നടത്തണമെങ്കിൽ സ്വന്തം വീട്ടിൽ ചെയ്യണമെന്നും അല്ലാതെ ക്ലാസ് മുറിയിൽ അല്ലെന്നുമായിരുന്നു പ്രതിഷേധിച്ചെത്തിയ വിദ്യാർഥികൾ പറഞ്ഞത്. എ.സി നീക്കം ചെയ്ത് പ്രിൻസിപ്പലിന്റെ മുറിയിൽ ഇനി മുതൽ ചാണകം തേച്ചാൽ മതിയെന്നും ഡിയുഎസ്‌യു പ്രസിഡന്റ് ഖത്രി പറഞ്ഞു.
Source link