തീകൊളുത്തി അമ്മയും പെൺമക്കളും മരിച്ച സംഭവം; മരണകാരണം സ്വത്ത് തർക്കമെന്ന് സൂചന, കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: കരുനാഗപ്പള്ളിയിൽ അമ്മയും പെൺമക്കളും തീകൊളുത്തി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുത്തൻകണ്ടത്തിൽ താര ജി കൃഷ്ണ (36), മക്കളായ ടി അനാമിക (7), ടി ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്. മക്കളെ തീ കൊളുത്തിയ ശേഷം താര ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവിന്റെ വീട്ടുകാരുമായുള്ള സ്വത്ത് തർക്കമാണ് മക്കളുടെ ജീവനെടുത്ത് ആത്മഹത്യ ചെയ്യുന്നതിന് താരയെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. ഓഹരി സംബന്ധിച്ച് താരയും ഭർതൃവീട്ടുകാരും തമ്മിൽ ഇന്നലെ വഴക്കുണ്ടായെന്നും പൊലീസ് പറയുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയ താരയെ പൊലീസെത്തിയാണ് അനുനയിപ്പിച്ചത്. എന്നാൽ വാടകവീട്ടിൽ തിരിച്ചെത്തിയ താര, മക്കളെയും കൂട്ടി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 3.30ന് ആദിനാട് കൊച്ചുമാമൂട് ജംഗഷന് വടക്കുഭാഗത്തുള്ള വാടകവീട്ടിൽ വച്ചാണ് ആത്മഹത്യാശ്രമം നടന്നത്. ഒന്നര വർഷമായി താരയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. മകളോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഗോപാലാകൃഷ്ണൻ സമീപത്തെ കടയിൽ ചായകുടിക്കാൻ പോയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയിൽ താരയും രണ്ടുമക്കളും മണ്ണെണ്ണയെഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിളിയും പുകയുമുയർന്നതിനെ തുടർന്ന് നാട്ടുകാർ മുറിയുടെ കതക് തുറന്ന് മൂന്നുപേരെയും പുറത്തെത്തിക്കുകയായിരുന്നു. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദ്യം താരയുടെയും പിന്നീട് മക്കളുടെയും മരണം സ്ഥിരീകരിച്ചു. താരയുടെ ഭർത്താവ് ഗിരീഷ് കുവെെത്തിൽ നിന്ന് നാളെ നാട്ടിലെത്താനിരിക്കെയാണ് സംഭവം. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Source link