INDIA

‘പത്ത് വർഷത്തിനിടയിൽ ഇന്ത്യ ആകെ മാറി; നിർഭാഗ്യവശാൽ, പാക്കിസ്ഥാൻ അവരുടെ മോശം ശീലങ്ങൾ തുടരുകയാണ്’


ന്യൂഡൽഹി∙ പാക്കിസ്ഥാൻ ഇരട്ടത്താപ്പ് കളിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഒരു വശത്ത് താലിബാനെ നിർത്തിക്കൊണ്ടായിരുന്നു പാക്കിസ്ഥാൻ ഇരട്ടത്താപ്പ് കാണിച്ചിരുന്നതെന്നും പക്ഷേ, സ്വന്തം സൃഷ്ടിയായ ഭീകരതയിൽ ആ രാജ്യം കുടുങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു എസ്.ജയശങ്കർ. യുഎസ് സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതോടെ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞുപോയെന്നും ജയശങ്കർ പറഞ്ഞു.മേഖലയിൽ മുഴുവൻ ഭീകരവാദം കൊണ്ടുവന്നതു പാക്കിസ്ഥാനാണെന്നും ജയശങ്കർ തുറന്നടിച്ചു. ‘‘ഇരട്ടത്താപ്പ് കളിച്ചിട്ട് അവർക്ക് ലഭിച്ച നേട്ടങ്ങൾ എല്ലാം യുഎസ് സൈന്യം അഫ്ഗാൻ വിട്ടതോടെ പാക്കിസ്ഥാന് നഷ്ടമായി. പാക്കിസ്ഥാൻ ഒരിക്കൽ പ്രോത്സാഹിപ്പിച്ച ഭീകരവാദം ഇന്ന് അവരെ തന്നെ കടിച്ചുകീറാൻ വരികയാണ്. മുംബൈ ഭീകരാക്രമണത്തിനു ശേഷം ഒരു അയൽരാജ്യത്തിൽ നിന്നുള്ള ഇത്തരം പെരുമാറ്റം ഇനി സഹിക്കാൻ കഴിയില്ലെന്ന് ഇന്ത്യക്കാർ തീരുമാനമെടുത്തു. ആ വികാരം ഇന്ത്യയിൽ വളരെ ശക്തമായിരുന്നു. പക്ഷേ, ആ സമയത്തെ സർക്കാർ അത് പൂർണ്ണമായി മനസ്സിലാക്കിയിരുന്നില്ല.’’ – ജയശങ്കർ പറഞ്ഞു.‘‘കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യ ആകെ മാറി. പാക്കിസ്ഥാനും മാറിയെന്നു പറയാൻ കഴിഞ്ഞെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്. നിർഭാഗ്യവശാൽ, അവർ അവരുടെ മോശം ശീലങ്ങൾ തുടരുകയാണ്. 2014-ൽ ഇന്ത്യയിൽ സർക്കാർ മാറി. ഇതോടെ ഭീകരവാദ പ്രവർത്തികളിൽ ഏർപ്പെട്ടാൽ തിരിച്ചടി ലഭിക്കുമെന്ന് പാക്കിസ്ഥാന് മനസിലായി. ഈ കാലയളവിൽ ഇന്ത്യ സാമ്പത്തികമായും രാഷ്ട്രീയമായും വളർന്നു. ലോകത്ത് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടു. പക്ഷേ, പാക്കിസ്ഥാൻ പഴയ രീതി തുടർന്നു. പാക്കിസ്ഥാനു വേണ്ടി ഇനി വിലയേറിയ സമയം പാഴാക്കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല.’’  – ജയശങ്കർ പറഞ്ഞു.


Source link

Related Articles

Back to top button