ശബരിമല ആറാട്ട് ഭക്തിസാന്ദ്രം

□പൈങ്കുനി ഉത്ര ഉത്സവം സമാപിച്ചു
ശബരിമല: ശരണമന്ത്രങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ നടന്ന ആറാട്ടോടെ പൈങ്കുനി ഉത്ര ഉത്സവത്തിന് സമാപനം. തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റി എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു പമ്പാനദിയിൽ അയ്യപ്പസ്വാമിയുടെ ആറാട്ട്. തുടർന്ന് അയ്യപ്പസ്വാമിയെ പമ്പാഗണപതി കോവിലിലേക്ക് എഴുന്നള്ളിച്ചിരുത്തി. ഭക്തർ തിരുമുന്നിൽ നെൽപറ സമർപ്പണം നടത്തി. വൈകിട്ട് 4ന് ആനപ്പുറത്തേറി സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളി. ഘോഷയാത്ര പതിനെട്ടാംപടിക്ക് താഴെ എത്തിയതോടെ മേൽശാന്തി തിടമ്പ് ഏറ്റുവാങ്ങി പതിനെട്ടാം പടികയറി സന്നിധാനത്ത് എത്തിച്ചു. ഉച്ചപൂജയും ദീപാരാധനയും പൂർത്തിയാക്കി കൊടിയിറക്കി. അത്താഴപൂജയ്ക്കു ശേഷം നടയടച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗം അഡ്വ.എ.അജികുമാർ, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം സെക്രട്ടറി എസ്.സിന്ധു, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു.വി.നാഥ് എന്നിവർ പങ്കെടുത്തു. ഇന്നു മുതൽ സന്നിധാനത്ത് മേടവിഷു ഉത്സവത്തിന്റെ പൂജകൾ ആരംഭിക്കും. 14നാണ് വിഷു. മേടമാസ പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും.
Source link