നവജാത ശിശുക്കടത്തില് സുപ്രീംകോടതി; ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുകയാണു വേണ്ടത്

ന്യൂഡൽഹി: ആശുപത്രികളിൽനിന്നു നവജാത ശിശുക്കളെ മോഷ്ടിക്കുകയാണെങ്കിൽ ആദ്യനടപടിയായി ബന്ധപ്പെട്ട ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുകയാണു വേണ്ടതെന്ന് സുപ്രീംകോടതി. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ പ്രസവിക്കാൻ ആശുപത്രിയിൽ എത്തിയാൽ നവജാത ശിശുവിനെ എല്ലാ അർഥത്തിലും സംരക്ഷിക്കേണ്ടത് ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നവജാത ശിശുക്കളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കീഴ്ക്കോടതികൾക്കു നിർദേശങ്ങൾ നൽകാൻ എല്ലാ ഹൈക്കോടതികളോടും സുപ്രീംകോടതി നിർദേശിച്ചു. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനങ്ങൾ പാലിക്കേണ്ട മാർഗനിർദേശവും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട തീർപ്പാക്കാത്ത കേസുകളുടെ സ്ഥിതി അറിയിക്കാനും വിവിധ ഹൈക്കോടതികളോടു സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. നിർദേശങ്ങൾ നടപ്പിലാക്കാൻ കാണിക്കുന്ന ഏതൊരു അലംഭാവവും ഗൗരവമായി കണ്ട് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽനിന്നുള്ള കുട്ടികളെ കടത്തുന്ന സംഘത്തിലെ പ്രതികളിൽ ഒരാൾക്ക് അലഹബാദ് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരേ ഒരു കുട്ടിയുടെ അമ്മ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേട്ടശേഷമായിരുന്നു കോടതി ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ നടപടി റദ്ദാക്കിയ സുപ്രീംകോടതി, വിഷയം കൈകാര്യം ചെയ്ത ഹൈക്കോടതിയെയും ഉത്തർപ്രദേശ് സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. വിവിധ സംസ്ഥാനങ്ങളിലേക്ക് അഞ്ചു ലക്ഷം രൂപ മുതൽ പത്തു ലക്ഷം രൂപ വരെ ഈടാക്കി കുട്ടികളെ കടത്തുന്ന ഒരു സംഘം ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞദിവസം പ്രമുഖ ദേശീയ ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ കടത്തുന്ന സംഘങ്ങളെ നേരിടാൻ രാജ്യതലസ്ഥാനത്ത് എന്തു നടപടിയാണു സ്വീകരിച്ചതെന്ന റിപ്പോർട്ട് നൽകാൻ ഡൽഹി പോലീസിനോടു നിർദേശിച്ചതായും കോടതി വ്യക്തമാക്കി. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
Source link