ഫ്രാൻസില്‍ ഈസ്റ്ററിന് ജ്ഞാനസ്നാനം സ്വീകരിക്കുന്നത് 17,800 പേര്

പാരീസ്: ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിൽ ഈസ്റ്ററിന് ജ്ഞാനസ്നാനം സ്വീകരിക്കാന്‍ ഒരുങ്ങുന്നത് 17,800 പേര്. 2024 ലെ കണക്കുകളെ അപേക്ഷിച്ച് പുതുതായി കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ 45% വർധനവാണുള്ളതെന്ന് ഫ്രഞ്ച് ബിഷപ്സ് കോൺഫറൻസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. കത്തോലിക്കാ വിശ്വാസം പുല്കാന് ഒരുങ്ങുന്നവരില്‍ 10,384 പ്രായപൂർത്തിയായവരും 11-17 വയസിനിടയിലുള്ള 7,400 പേരും ഉൾപ്പെടുന്നു. പ്രായപൂർത്തിയായവരിൽ 42% വിദ്യാർഥികളും യുവ പ്രൊഫഷണലുകളും 18-25 പ്രായക്കാരുമാണ്. യുവജനങ്ങളാല്‍ നയിക്കപ്പെടുന്ന ഈ ആത്മീയ ഉണർവ് സഭയുടെ സുവിശേഷവത്കരണ മേഖലയിലുണ്ടായ വൻ മാറ്റം വ്യക്തമാക്കുന്നുവെന്ന് ഫ്രഞ്ച് മെത്രാന് സമിതി വിലയിരുത്തി.
ഈ വർഷം രാജ്യത്ത് വിഭൂതി ബുധനാഴ്ച നടന്ന വിവിധ വിശുദ്ധ കുർബാനകളിൽ അഭൂതപൂർവമായ പങ്കാളിത്തം റിപ്പോർട്ട് ചെയ്തിരുന്നു. ബ്രിട്ടനില്‍ 2018നും 2024നും ഇടയിൽ പള്ളികളിലെത്തുന്നവരുടെ എണ്ണം 50 ശതമാനത്തിലേറെ വർധിച്ചുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരിന്നു. യൂറോപ്പിലെ മറ്റിടങ്ങളിലും സമാനമായ പ്രതിഫലനം കാണുന്നത് ഭൂഖണ്ഡത്തിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പുനരുജ്ജീവനമായാണ് വിലയിരുത്തുന്നത്.
Source link