KERALAMLATEST NEWS

ശബരിമലയിൽ സുകൃത ദർശനമായി വിഷുക്കണി

ശബരിമല: അയ്യപ്പ സന്നിദ്ധിയിൽ നെയ് വിളക്കിന്റെ പ്രഭയിൽ തെളിഞ്ഞ വിഷുക്കണി ഭക്തർക്ക് സുകൃത ദർശനമായി. 13ന് രാത്രി നട അടയ്ക്കുന്നതിന് മുമ്പായി ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയിരുന്നു. 14ന് പുലർച്ചെ 3.30ന് ഭഗവാനെ പള്ളിയുണർത്തി. 4ന് നട തുറന്ന് തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിയും ശ്രീകോവിലിൽ കയറി നടയടച്ചു. ശ്രീലകത്ത് ദീപം തെളിച്ചശേഷം ഭഗവാനെ ആദ്യം കണികാണിച്ചു. നടതുറന്ന് തീർത്ഥാടകർക്ക് കണിദർശനം നൽകി.
രാവിലെ 7 വരെ വിഷുക്കണി ദർശനം തുടർന്നു. തന്ത്രി കണ്ഠരര് രാജീവരും മകൻ കണ്ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. വിഷുദിനത്തിൽ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടു. മന്ത്രി വി.എൻ.വാസവൻ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്,അംഗം അഡ്വ. എ.അജികുമാർ,ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ,ചീഫ് എൻജിനിയർ ജനറൽ രഞ്ജിത്ത് ശേഖർ എന്നിവരും ദർശനം നടത്തി. വിഷു, 18ന് രാത്രി നട അടയ്ക്കും.


Source link

Related Articles

Back to top button