ട്രംപിന് തടയിട്ട് ഇന്ത്യൻ വംശജയായ ജഡ്ജി

ന്യൂയോർക്ക്: ലാറ്റിനമേരിക്കൻ രാജ്യക്കാർക്കുള്ള ഇമിഗ്രേഷൻ പരോൾ നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനു തടയിട്ട് ഇന്ത്യൻ വംശജയായ ജഡ്ജി ഇന്ദിര തൽവാനി. നാല് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരെ യുഎസിൽ താമസിക്കാൻ അനുവദിക്കുന്ന മുൻ ബൈഡൻ ഭരണകൂടത്തിന്റെ പരോൾ പദ്ധതിയാണ് അവസാനിപ്പിക്കാൻ ട്രംപ് നീക്കം നടത്തിയത്. ജോലി ചെയ്യാനുള്ള അനുമതിയോടെ രണ്ടു വർഷത്തേക്ക് അമേരിക്കയിൽ താമസിക്കാനാണ് അനുവദിച്ചിരുന്നത്. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിനു കുടിയേറ്റക്കാർക്ക് ട്രംപിന്റെ നടപടി തിരിച്ചടിയാകുമായിരുന്നു. ഈ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ വളരെവേഗം നാടുകടത്താനുള്ള ട്രംപിന്റെ നീക്കത്തിനു ബോസ്റ്റണിലെ ഫെഡറൽ ജഡ്ജി തൽവാനിയുടെ വിധി തടസമാകും.
2022ൽ ജോ ബൈഡൻ അവതരിപ്പിച്ച ‘പരോൾ’ പദ്ധതി പ്രകാരം ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നീ രാജ്യങ്ങളിൽനിന്നു പ്രതിമാസം 30,000 കുടിയേറ്റക്കാർക്ക് യുഎസിലേക്കു വരാൻ അനുവാദമുണ്ട്. ഈ പദ്ധതിയുടെ ആനുകൂല്യത്തിൽ യുഎസിലെത്തിയ ഏകദേശം 5,32,000 കുടിയേറ്റക്കാരുടെ നിയമപരമായ സംരക്ഷണങ്ങൾ കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് തൽവാനിയുടെ കോടതി സ്റ്റേ ചെയ്തത്. കുടിയേറ്റ നിയമത്തിന്റെ തെറ്റായ വ്യാഖ്യാനമാണ് ട്രംപ് ഭരണകൂടം നടത്തിയതെന്ന് വിധിയിൽ തൽവാനി പറഞ്ഞു. നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിക്കുന്നവരെ വേഗത്തിൽ പുറത്താക്കാൻ കഴിയും. എന്നാൽ, പരോൾ പദ്ധതിയിൽ രാജ്യത്ത് പ്രവേശിച്ചവർക്കു ട്രംപിന്റെ ഉത്തരവ് ബാധകമല്ലെന്നും അവർ വിധിയിൽ പറഞ്ഞു.
Source link