വഖഫ് ഭേദഗതി: ഹർജികളിൽ സുപ്രീം കോടതി വാദം ഇന്ന്

ന്യൂഡൽഹി ∙ ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടലിനു വഴിവച്ച വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്നു 2 ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, പി.വി.സഞ്ജയ് കുമാർ, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണു പരിഗണിക്കുന്നത്. മുസ്‌ലിം ലീഗ്, സിപിഐ, ഡിഎംകെ, നടൻ വിജയ് നയിക്കുന്ന തമിഴ്നാട് വെട്രി കഴകം, വൈഎസ്ആർ കോൺഗ്രസ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ്, ജംഇയ്യത്ത് ഉലമ ഐ ഹിന്ദ്, തൃണമൂൽ എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, ആർജെഡി, എഎപി നേതാവ് അമാനുത്തുല്ല ഖാൻ, അസോസിയേഷൻ ഫോർ ദ് പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്സ്, മൗലാന അർഷദ് മഅദനി, അൻജും ഖദ്രി, തയ്യിബ് ഖാൻ, സാൽമനി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫസലുറഹീം തുടങ്ങിയവർ നൽകിയ ഹർജികളാണ് ഇന്നു കോടതി ഒന്നിച്ചു പരിഗണിക്കുന്നത്.അതിനിടെ, വഖഫ് നിയമത്തിലെ വ്യവസ്ഥകളെ ചൊല്ലി ഭരണ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ ചേരിതിരിഞ്ഞ് ഹർജി നൽകിയിട്ടുണ്ട്. ബംഗാളും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിവാദ വ്യവസ്ഥകൾക്കെതിരെ നിലപാട് എടുത്തിരിക്കെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഭേദഗതികളെ പിന്തുണച്ചു രംഗത്തെത്തി.
Source link