ട്രംപിന്റെ പ്രതികാരം ഹാർവാർഡിനു നേരേയും

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാര നടപടി ലോകപ്രശസ്ത സർവകലാശാലയായ ഹാർവാർഡിനു നേരേയും. സർവകലാശാലയ്ക്കുള്ള 2.2 ബില്യൺ ഡോളറിന്റെ ഫെഡറൽ ഫണ്ടിംഗ് മരവിപ്പിച്ചു. കാമ്പസിലെ സാമൂഹിക, രാഷ്ട്രീയ പരിപാടികൾ പരിമിതപ്പെടുത്തണമെന്ന ട്രംപിന്റെ നിബന്ധന അംഗീകരിക്കാതിരുന്നതോടെയാണ് പ്രതികാരനടപടി. വെള്ളിയാഴ്ച സർവകലാശാലയ്ക്കയച്ച കത്തിൽ മെറിറ്റ് അധിഷ്ഠിത പ്രവേശനം, നിയമനം തുടങ്ങി നിരവധി പരിഷ്കാരങ്ങളാണു ട്രംപ് ഭരണകൂടം നിർദേശിച്ചത്. അമേരിക്കൻ മൂല്യങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ സർക്കാരിനു റിപ്പോർട്ട് ചെയ്യുക, ജൂതവിരുദ്ധത പ്രകടമാകുന്ന പരിപാടികളും സർവകലാശാല ഡിപ്പാർട്ട്മെന്റുകളും പരിശോധിക്കുന്നതിനു സർവകലാശാലയ്ക്കു പുറത്തുനിന്നുള്ള സർക്കാർ അംഗീകൃത കക്ഷിയെ നിയമിക്കുക തുടങ്ങിയവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ജൂതവിരുദ്ധത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതെന്നു പറയുന്ന നിർദേശങ്ങളിലെ ഭൂരിഭാഗവും സർവകലാശാലയെ നേരിട്ട് നിയന്ത്രിക്കാൻ ഉദേശിച്ചുള്ളതാണെന്നു ഹാർവാർഡ് പ്രസിഡന്റ് അലൻ ഗാർബർ പറഞ്ഞു. സർക്കാർ നിർദേശങ്ങൾ സർവകലാശാലയുടെ അവകാശങ്ങൾ ഹനിക്കുന്നതാണ്.
സ്വകാര്യ സർവകലാശാലകളിലെ പഠനവിഷയങ്ങൾ, വിദ്യാർഥികളുടെ പ്രവേശനം, നിയമനം, ഏതൊക്കെ പഠന, ഗവേഷണ മേഖലകൾ പിന്തുടരാം എന്നുള്ളവയിൽ നിർദേശം വയ്ക്കാൻ ഒരു സർക്കാരിനും കഴിയില്ല. ജൂതവിരുദ്ധത പരിഹരിക്കുന്നതിനു സർവകലാശാല വിപുലമായ പരിഷ്കാരങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ രാഷ്ട്രീയ അജൻഡ നടപ്പിലാക്കുന്നതിനുവേണ്ടി അക്കഡേമിക് സ്ഥാപനങ്ങളെ സമ്മർദത്തിലാക്കാനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമാണിതെന്നും സർവകലാശാല ആരോപിച്ചു. നേരത്തേ ട്രംപിന്റെ സമാനഭീഷണിക്കു കൊളംബിയ സർവകലാശാല വഴങ്ങിയിരുന്നു.
Source link