INDIA

‘ശിശുക്കളെ കടത്തിയാൽ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കണം’: ഉത്തരവുമായി സുപ്രീം കോടതി


ന്യൂഡൽഹി ∙ നവജാതശിശുക്കളെ കടത്തുന്നുവെന്നു കണ്ടെത്തിയാൽ ഉടൻ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. നിയമപരമായ മറ്റു നടപടികൾക്കു പുറമേയാണിത്. നവജാതശിശുവിനെ സംരക്ഷിക്കേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണെന്നും ജഡ്ജിമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഉത്തർപ്രദേശിൽ കുട്ടികളെ കടത്തിക്കൊണ്ടുപോയ വിവിധ കേസുകളിലെ 13 പ്രതികൾക്കു നൽകിയ ജാമ്യം റദ്ദാക്കിക്കൊണ്ടാണു കോടതിയുടെ നിരീക്ഷണം. ഇവർ ഉടൻ കീഴടങ്ങണമെന്നും നിർദേശിച്ചു.പ്രതികൾക്കു ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതിയെയും ഇതിനെതിരെ അപ്പീൽ നൽകാത്ത ഉത്തർപ്രദേശ് സർക്കാരിനെയും കോടതി വിമർശിച്ചു. പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥ പോലും ഹൈക്കോടതി വച്ചില്ലെന്നും ചൂണ്ടിക്കാട്ടി. കടത്തിക്കൊണ്ടുവരുന്ന നവജാതശിശുക്കളെ 10 ലക്ഷം വരെ രൂപയ്ക്കു ഡൽഹിയിലും പുറത്തുമായി വിൽക്കുന്ന സംഘത്തെക്കുറിച്ച് കഴിഞ്ഞദിവസം വന്ന പത്രവാർത്ത കോടതി എടുത്തുപറഞ്ഞു. കേസ് ഒക്ടോബറിൽ വീണ്ടും പരിഗണിക്കും.  സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടത്  ∙ കുട്ടികളെ കാണാതായ കേസുകൾ തട്ടിക്കൊണ്ടുപോകലോ മനുഷ്യക്കടത്തോ ആയി പരിഗണിച്ചു നടപടി സ്വീകരിക്കണം.  ∙ മനുഷ്യക്കടത്തു തടയുന്നതിന് കമ്യൂണിറ്റി പൊലീസിങ് കാര്യക്ഷമമാക്കണം.  ∙ ബാലനീതി നിയമം, ബാലവേല നിരോധന നിയമം തുടങ്ങിയവയിലെ വ്യവസ്ഥകൾ നടപ്പിലാക്കണം. വ്യവസായ യൂണിറ്റുകളിലും മറ്റും ലേബർ ഇൻസ്പെക്ടർമാരുടെ പരിശോധന വേണം.  ∙ റിക്രൂട്മെന്റ് ഏജൻസികൾ, ബ്രോക്കർമാർ, കോൺസുലർ ജീവനക്കാർ, അതിർത്തി കാവൽക്കാർ തുടങ്ങിയവരുടെ വീഴ്ചകൾ കർശനമായി നേരിടണം.  ∙ അനാശാസ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടണം. ഇവിടെ കഴിയുന്നവരെ പുനരധിവസിപ്പിക്കണം.  ഹൈക്കോടതികൾ ചെയ്യേണ്ടത്  കുട്ടികളെ കടത്തിയ കേസുകളിലെ വിചാരണയുടെ വിവരം ശേഖരിക്കണം. ഡേറ്റ ശേഖരിച്ചാൽ 6 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം. 


Source link

Related Articles

Back to top button