പട്ടികജാതിയിൽ ഉപവർഗീകരണം നടപ്പാക്കി തെലങ്കാന; പരിഷ്കാരം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം

ഹൈദരാബാദ് ∙ സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളെ 3 ഉപവർഗങ്ങളായി തിരിക്കുന്ന ഉത്തരവ് തെലങ്കാന സർക്കാർ പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച ഉപസമിതിയുടെ തലവനായ മന്ത്രി എൻ. ഉത്തംകുമാർ റെഡ്ഡി, മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡിക്ക് നൽകിയാണ് ഉത്തരവ് പ്രകാശനം ചെയ്തത്. ഈ പരിഷ്കാരം നടപ്പാക്കുന്ന ആദ്യസംസ്ഥാനമാണ് തെലങ്കാന. പട്ടികജാതി ഉപവർഗീകരണത്തിനായി സർക്കാർ നിയോഗിച്ച ഹൈക്കോടതി ജഡ്ജി ഷമീം അക്തറിന്റെ അധ്യക്ഷതയിലുള്ള കമ്മിഷൻ, 59 പട്ടികജാതി സമുദായങ്ങളെ 3 വിഭാഗങ്ങളായി തിരിക്കാനും സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും ഏർപ്പെടുത്തിയിരിക്കുന്ന 15% സംവരണം ഇവർക്ക് വീതിച്ചു നൽകാനും ശുപാർശ ചെയ്തിരുന്നു.സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന 15 സമുദായങ്ങൾ ഉൾപ്പെടുന്ന ഒന്നാം ഗ്രൂപ്പിന് 1%, മിതമായ ആനുകൂല്യം ലഭിക്കുന്ന 18 സമുദായങ്ങൾ ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പിന് 9%, 26 സമുദായങ്ങൾ ഉൾപ്പെടുന്ന മൂന്നാം ഗ്രൂപ്പിന് 5% എന്നിങ്ങനെയാണ് സംവരണം ശുപാർശ ചെയ്തിട്ടുള്ളത്. പട്ടികവിഭാഗങ്ങളെ ഉപവർഗങ്ങളായി തിരിച്ച് വ്യത്യസ്ത അനുപാതത്തിൽ സംവരണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Source link