ഒടുവില്‍ 27 കോടി അടിച്ചുമോനേ!

കിലുക്കം സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രത്തിനു ലോട്ടറി അടിച്ചതിനു സമാനമാണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ മുതലാളി സഞ്ജീവ് ഗോയങ്കയുടെ അവസ്ഥ. അടിച്ചുമോനേ… എന്നു പറഞ്ഞു ഗോയങ്ക മുതലാളി നിലത്തു വീണോ എന്ന് അറിയില്ല… പക്ഷേ, 2025 ഐപിഎല്ലിനു മുന്നോടിയായി ഗോയങ്ക മുതലാളി 27 കോടി രൂപ മുടക്കിയെടുത്ത ഋഷഭ് പന്ത് എന്ന ലോട്ടറി കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ അടിച്ചു, 49 പന്തില്‍ നാലു സിക്സും നാലു ഫോറും അടക്കം 63 റണ്‍സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാക്കിയാണ് 2025 മെഗാ താര ലേലത്തില്‍ ലക്നോ സൂപ്പര്‍ ജയന്റ്സ് ഋഷഭ് പന്തിനെ സ്വന്തമാക്കിയത്. എന്നാല്‍, ഐപിഎല്‍ ചരിത്രത്തിലെതന്നെ ഏറ്റവും വിലയേറിയ ഫ്ളോപ്പ് എന്നതായിരുന്നു 2025 സീസണിലെ ആദ്യ അഞ്ച് ഇന്നിംഗ്സില്‍ പന്തിനു ലഭിച്ച വിശേഷണം. കാരണം, 0, 15, 2, 2, 21 എന്നിങ്ങനെയുള്ള പ്രകടനമായിരുന്നു ആദ്യ അഞ്ച് ഇന്നിംഗ്സുകളില്‍ പന്തില്നിന്നുണ്ടായത്. 2024 ഐപിഎല്‍ എഡിഷനില്‍ ലക്നോ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റനായിരുന്ന കെ.എല്‍. രാഹുലിനെ പരസ്യമായി പുലഭ്യംപറഞ്ഞ ആളാണ് സഞ്ജീവ് ഗോയങ്ക എന്നതും ഇതിനോടു ചേര്‍ത്തുവായിക്കണം…
ഫലമുണ്ടായില്ല! ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരായ മത്സരത്തിലായിരുന്നു ഋഷഭ് പന്ത് 49 പന്തില്‍ 63 റണ്‍സ് അടിച്ചെടുത്തതും ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ ടോപ് സ്കോറര്‍ ആയതും. എന്നാല്‍, പന്തിന്റെ ഇന്നിംഗ്സിന് ലക്നോ സൂപ്പര്‍ ജയന്റിസിനെ ജയിപ്പിക്കാനായില്ല. മത്സരത്തില്‍ സിഎസ്കെ അഞ്ച് വിക്കറ്റ് ജയം നേടി. ക്യാപ്റ്റന്‍ കളിച്ചു, ടീം തോറ്റു എന്നതായിരുന്നു അവസ്ഥ. 2025 സീസണില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ ഏഴാം മത്സരമായിരുന്നു സിഎസ്കെയ്ക്ക് എതിരേ സ്വന്തം തട്ടകത്തില്വച്ചു തിങ്കളാഴ്ച നടന്നത്. ഏഴു മത്സരങ്ങളില്‍ നാലു ജയവും മൂന്നു തോല്‍വിയുമായി എട്ട് പോയിന്റാണ് ലക്നോയ്ക്ക്. ആറ് ഇന്നിംഗ്സില്‍ ബാറ്റ് ചെയ്ത ഋഷഭ് പന്തിന് ആകെ 103 റണ്‍സും… ശനിയാഴ്ച രാജസ്ഥാന് റോയല്‍സിന് എതിരേയാണ് ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ അടുത്ത മത്സരം.
Source link