ചൂരയുണ്ട്, കേരയുണ്ട്, ചെമ്മീനുണ്ട്; ക്ഷേത്രമുറ്റത്ത് മത്സ്യക്കച്ചവടം; കേരളത്തിലെ ഈ കാഴ്ചയ്ക്ക് പിന്നിൽ

ക്ഷേത്രമുറ്റത്ത് മത്സ്യക്കച്ചവടം. ഇങ്ങനെ കേൾക്കുമ്പോൾ ചിലർക്കെങ്കിലും അത്ഭുതം തോന്നും. എന്നാൽ കൊല്ലം ജില്ലയിലെ വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്രത്തിനടത്തുള്ളവർക്ക് വർഷങ്ങളായി ഇതൊരു പുതുമയുള്ള കാഴ്ചയല്ല. ഇത്തിക്കരയാറിന് സമീപത്തെ ഈ ക്ഷേത്രത്തിന് മുന്നിൽ വർഷങ്ങളായി തുടരുന്ന ഈ കാഴ്ചയ്ക്ക് മത സൗഹാർദത്തിന്റെ ഒരു കഥ പറയാനുണ്ട്.
എല്ലാ വർഷത്തിലും മീന മാസത്തിലെ രോഹിണി നാളിലാണ് ക്ഷേത്രമുറ്റത്ത് മത്സ്യക്കച്ചവടം നടത്തുന്നത്. സൗഹാർദത്തിന്റെ മാതൃകയായാണ് ഇത്തരമൊരു വേറിട്ട ആചാരം കൊല്ലത്ത് നടക്കുന്നത്. ആചാരത്തിന്റെ ഭാഗമായുള്ള ഈ മത്സ്യക്കച്ചവടം നടത്തുന്നത് പ്രദേശത്തെ മുസ്ലീം സഹോദരങ്ങളാണ്. ഈ നാളിൽ മുസ്ലീം സഹോദരങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന് പ്രദേശവാസികൾ പറയുന്നു.
ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർ ഉപ്പും ചുണ്ണാമ്പും വാങ്ങി വീടുകളിലേക്ക് കൊണ്ടുപോകുന്ന മറ്റൊരു ആചാരവും ഇവിടെ കാണാം. ക്ഷേത്രത്തിന് മുന്നിൽ 11 മണിയോടെയാണ് സാധാരണഗതിയിൽ മത്സ്യച്ചന്ത അവസാനിപ്പിക്കേണ്ടത്. എന്നാൽ അന്നേ ദിവസം ഇവിടെ മത്സ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് കാരണം, മത്സ്യം അതിന് മുമ്പ് തന്നെ വിറ്റു തീരുമെന്ന് മത്സ്യക്കച്ചവടം നടത്തുന്നവർ പറയുന്നു.
Source link