സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന, അതിരപ്പിള്ളിയിൽ രണ്ടുപേർ കൊല്ലപ്പെട്ടു

തൃശൂർ: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. വാഴച്ചാൽ ശാസ്‌താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ അതിരപ്പിള്ളി വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ചവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ഇവരുടെ കുടിലും കാട്ടാന തകർത്തു.
പ്രദേശത്ത് മൂന്നോളം കുടുംബങ്ങൾ താമസിക്കുന്നുണ്ടായിരുന്നു. ഇന്നലെയാണ് ഇവർക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം എത്തിയപ്പോൾ ഇവർ ചിതറിയോടി. സതീഷ് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. സതീഷിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ അറിയിച്ചതിനുശേഷം നടത്തിയ പരിശോധനയിൽ അംബികയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പുറത്തെത്തിക്കാനുള്ള നടപടികൾ തുടങ്ങി. തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റും. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അടിയന്തരമായി ആശ്വാസ ധനം നൽകും. ഇതുസംബന്ധിച്ച് നടപടികൾ സ്വീകരിക്കാൻ കളക്‌ടർക്കും വനംവകുപ്പ് മേധാവിക്കും മന്ത്രി നിർദേശം നൽകി. സംഭവത്തിൽ വനംവകുപ്പ് മന്ത്രി വകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ മൂന്ന് പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. മലക്കപ്പാറയിൽ യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. അടിച്ചിൽതൊട്ടി മേഖലയിൽ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്. രാത്രി പത്ത് മണിയോടെ സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് തിരിച്ചുവരുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
Source link