അനധികൃത സ്വത്ത് സമ്പാദനക്കേസ്; സിബിഐ അന്വേഷണത്തിനെതിരെ അപ്പീൽ നൽകാൻ കെ എം എബ്രഹാം

തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കെ.എം.എബ്രഹാം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയും മുൻ ചീഫ് സെക്രട്ടറിയുമാണ് കെ.എം.എബ്രഹാം. അപ്പീലുമായി ബന്ധപ്പെട്ട് എബ്രഹാം അഭിഭാഷകരുമായി ആശയവിനിമയം നടത്തി. കേസിൽ തന്റെ വാദം കേട്ടില്ലെന്ന നിലപാടാണ് എബ്രഹാമിന്.
സി.ബി.ഐയുടെ കൊച്ചി യൂണിറ്റ് ആണ് അന്വേഷണം നടത്തുന്നത്. പരാതി, പരാതിക്കാരന്റെ മൊഴി, വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിന് ജസ്റ്റിസ് കെ. ബാബു നിർദ്ദേശം നൽകിയിട്ടുണ്ട്. കേസ് ഏറ്റെടുത്ത് സി.ബി.ഐ ഉത്തരവ് പുറപ്പെടുവിക്കണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 2018ൽ മനുഷ്യാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് വിധി.
കെ.എം.എബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലൻസ് അന്വേഷണമെന്ന് സംശയിക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ബന്ധപ്പെട്ട മുഴുവൻ രേഖകളും എത്രയും വേഗം സി.ബി.ഐയ്ക്ക് വിജിലൻസ് കൈമാറണം. തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ 2017ലെ ഉത്തരവ് കോടതി റദ്ദാക്കി. വിജിലൻസിന്റെ ദ്രുതപരിശോധനാ റിപ്പോർട്ട് അതേപടി വിജിലൻസ് കോടതി അംഗീകരിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ നടപടികളും അവസാനിച്ചതായി ഹൈക്കോടതി പ്രഖ്യാപിച്ചു. ഔദ്യോഗിക പദവി ദുരുപയോഗിച്ച് കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. 2015ൽ ധനകാര്യ അഡി. ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതടക്കം പരാതിയിൽ പറയുന്നുണ്ട്.
ശമ്പളത്തേക്കാൾ തുക എല്ലാ മാസവും ലോൺ അടയ്ക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ കെ. എം. എബ്രഹാമിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. എട്ടുകോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള മൂന്നു നില ഷോപ്പിംഗ് കോംപ്ലക്‌സ് സഹോദരന്റെ പേരിലായതിനാലാണ് സ്വത്ത് വിവരത്തിൽ ഉൾപ്പെടുത്താത്തതെന്ന് വിജിലൻസിന് കെ. എം. എബ്രഹാം മൊഴി നൽകിയിരുന്നു. എന്നാൽ ഈ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉടമസ്ഥാവകാശം എബ്രഹാമിന്റെ പേരിലാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊല്ലം കോർപ്പറേഷനിൽ നിന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ ഹാജരാക്കി.
കെ. എം. എബ്രഹാം സർവീസിൽ പ്രവേശിച്ചതുമുതൽ 33 വർഷത്തിനിടെ, സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം റൂൾ 16 പ്രകാരം വർഷംതോറും ചീഫ് സെക്രട്ടറിക്ക് നൽകുന്ന സ്വത്ത് വിവരത്തിൽ ഭാര്യയുടെയും, മക്കളുടെയും പേരിലുള്ളത് വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി 2015 മേയ് 25ന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ജോമോൻ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ, ഭാര്യയ്ക്ക് വിലമതിക്കുന്ന ഒന്നുമില്ലെന്നാണ് കെ. എം. എബ്രഹാം അറിയിച്ചത്. വിജിലൻസ് അന്വേഷണത്തിൽ ഭാര്യയുടെ ബാങ്ക് ലോക്കറിൽ 100 പവന്റെ സ്വർണവും ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ വാങ്ങിയതിന്റെ രേഖകളും ബാങ്കിടപാടുകളുടെ തെളിവുകളും കണ്ടെത്തിയതായും ഹർജിയിൽ പറയുന്നു.
Source link