ബംഗ്ലാദേശ് – കോഴിക്കോട്, വില്‍പ്പന ഇരട്ടി വിലയ്ക്ക്; ഇടപാടില്‍ അവരുടെ സംശയം ശരിയായി

കോഴിക്കോട്: ബംഗ്ലാദേശില്‍ നിന്ന് പശ്ചിമ ബംഗാള്‍ വഴി കോഴിക്കോട്ടേക്ക് എത്തിച്ച മാരക ലഹരിമരുന്നായ ഹെറോയിന്‍ പിടികൂടി. ലഹരി മരുന്ന് വില്‍പ്പന നടത്തുന്നതിനിടെ പശ്ചിമ ബംഗാള്‍ സ്വദേശി കല്‍സര്‍ അലി (29) ആണ് കോഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി രാജീവിന്റേയും സംഘത്തിന്റേയും പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികള്‍ വഴി ബംഗ്ലാദേശില്‍നിന്ന് കൈമാറ്റം ചെയ്യപ്പെട്ട് കടത്തിക്കൊണ്ടുവരുന്ന ഹെറോയിന്‍ ജില്ലയുടെ പലഭാഗങ്ങളിലായി വില്‍പ്പന നടത്തുന്നതിലെ ഒരു പ്രധാനകണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് നിരവധിപേര്‍ അസാധാരണമായി സിറിഞ്ചും മറ്റും വാങ്ങുന്നത് പതിവായതോടെ മെഡിക്കല്‍ സ്‌റ്റോര്‍ അധികൃതര്‍ക്ക് തോന്നിയ സംശയമാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായി മാറിയത്. പൊലീസില്‍ ഇവര്‍ രഹസ്യവിവരം നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കല്‍സര്‍ അലി 30 ഗ്രാം ഹെറോയിനുമായി പിടിയിലായത്. ഗ്രാമിന് ആയിരം രൂപ നിരക്കില്‍ വാങ്ങുന്ന സാധനം ഇരട്ടി വിലയ്ക്കാണ് കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നത്.
മാസത്തില്‍ ഒരു തവണ കല്‍സര്‍ അലി ബംഗ്ലാദേശില്‍ നിന്ന് സാധനം ഇവിടേക്ക് എത്തിച്ചിരുന്നു. ഇയാള്‍ക്ക് അയല്‍രാജ്യത്ത് നിന്ന് സാധനം എത്തിച്ച് നല്‍കുന്ന ആളെക്കുറിച്ച് വ്യക്തമായ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുവെന്നാണ് വിവരം. അയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കര്‍ശനമായ പരിശോധന ഉണ്ടാകുമെന്ന് കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍.എന്‍. ബൈജു അറിയിച്ചു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ കെ. പ്രവീണ്‍കുമാര്‍, കെ. ജുബീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ. രസൂണ്‍കുമാര്‍, എ.എം. അഖില്‍, കെ. ദീപക്, തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Source link