കർണാടകയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്

ബംഗളുരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്. ഞായറാഴ്ത അശോക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ കെട്ടിടത്തിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് പിന്നാലെ പ്രദേശത്ത് വൻതോതിലുള്ള പ്രതിഷേധം ഉടലെടുത്തിരുന്നു. കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നുവെന്നും റിപ്പോർട്ടുണ്ട്. വൈദ്യപരിശോധനയും മറ്റും നടന്നുവരുന്നതിനിടെയാണ് പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചതായി സ്ഥിരീകരിച്ചത്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരിക്കേറ്റതായും പൊലീസ് അറിയിച്ചു .
പട്ന സ്വദേശിയായ പ്രതി നിതേഷ് കുമാർ പിടിയിലായതിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ചു. മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ പൊലീസ് വാഹനത്തിനും ഇയാൾ കേടുപാടുകൾ വരുത്തി. തുടർന്ന് പ്രതിക്ക് നേരെ രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഉടൻതന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചെന്ന് പൊലീസ് മേധാവി അറിയിച്ചു.
കൊപ്പൽ ജില്ലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. മാതാവ് വീട്ടുജോലിക്കാരിയും പിതാവ് പെയിന്ററുമാണ്.
Source link