സര്‍പ്പദോഷം മാറാന്‍ നരബലി; ഏഴ് മാസം പ്രായമുള്ള കുട്ടിയെ കൊന്നു, നാവരിഞ്ഞ് കളഞ്ഞു

ഹൈദരാബാദ്: സര്‍പ്പദോഷം മാറാന്‍ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നരബലി നല്‍കിയ കേസില്‍ അമ്മയ്ക്ക് വധശിക്ഷ. തോലങ്കാന സൂര്യപേട്ട് സ്വദേശി ലാസ്യ (32) ആണ് കേസിലെ പ്രതി. അഡീഷണല്‍ ജില്ലാ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ലാസ്യ നിലവില്‍ ജയില്‍വാസം അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് മകളെ കൊലപ്പെടുത്തിയ കേസിലും കോടതി ശിക്ഷ വിധിച്ചത്.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2021 ഏപ്രില്‍ 15ന് ആണ് സംഭവം. തന്റേയും കുട്ടിയുടേയും ശരീരത്തില്‍ കുങ്കുമവും മഞ്ഞളും പുരട്ടിയ ശേഷം പ്രത്യേക പൂജയും നടത്തിയിരുന്നു. കിടപ്പുമുറിയില്‍ വച്ചാണ് പൂജയുടെ പേരില്‍ മകളെ കൊന്ന് തള്ളിയതും നാവറുത്ത് മാറ്റിയതും. ഏഴുമാസം പ്രായമുള്ള മകളെ നരബലി നല്‍കിയ സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നാണ് കോടതി വിലയിരുത്തിയത്. സംഭവസമയം യുവതിയുടെ കിടപ്പുരോഗിയായ ഭര്‍തൃപിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മുറിയില്‍നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടതോടെ ഇദ്ദേഹത്തിന് സംശയംതോന്നി. തുടര്‍ന്ന് ഊന്നുവടിയുടെ സഹായത്തോടെ കട്ടിലില്‍നിന്ന് എഴുന്നേറ്റ് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങളില്‍ ചോരപുരണ്ടനിലയില്‍ ലാസ്യ കിടപ്പുമുറിയില്‍നിന്ന് പുറത്തുവന്നത്. മകളെ ദൈവങ്ങള്‍ക്ക് ബലി നല്‍കിയെന്നും സര്‍പ്പദോഷം മാറിയെന്നുമായിരുന്നു യുവതിയുടെ അവകാശവാദം. ഇതോടെ ഭര്‍തൃപിതാവ് അയല്‍ക്കാരെയും മറ്റുബന്ധുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിച്ചതിന് ശേഷം ഇവര്‍ ഭര്‍ത്താവ് കൃഷ്ണയ്ക്ക് ഒപ്പം തന്നെയാണ് തുടര്‍ന്നും താമസിച്ച് വന്നിരുന്നത്. എന്നാല്‍ 2023ല്‍ ഒരുകിലോയുടെ ഇരുമ്പ് കട്ട കൊണ്ട് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് കൃഷ്ണയെ ലാസ്യ ആക്രമിച്ചത്. ഈ സംഭവത്തില്‍ കൃഷ്ണയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഈ കേസില്‍ ലാസ്യ അറസ്റ്റിലാകുകയുമായിരുന്നു.
Source link