KERALAMLATEST NEWS

വിഷുവിന് ആൾക്കാർക്ക് ‘മാർക്കോ’ മാത്രം മതി, വീട്ടിലെത്തിക്കാൻ 490 രൂപ മുടക്കണം

കോഴിക്കോട്: ഇത്തവണ വിഷു ‘മാർക്കോ”യ്ക്കൊപ്പം മാസാക്കാം. ഉയർന്നുപൊങ്ങി ആകാശത്ത് നിറങ്ങളുടെ വയലൻസ് വാരി വിതറുന്ന ‘മാർക്കോ 30‘പടക്കങ്ങളാണ് പടക്കവിപണിയിലെ താരം. കത്തിച്ചു വിട്ടാൽ ചുവന്ന നിറത്തിൽ മുപ്പത് ഷോട്ടുകളോടെ ഇവ ആകാശത്ത് വർണ കാഴ്ചയൊരുക്കും. പരിസ്ഥിതി സൗഹൃദ ഹരിത പടക്കങ്ങളായതിനാൽ കുട്ടികൾക്കു പോലും സുരക്ഷിതമായി ഉപയോഗിക്കാം. 490 രൂപയാണ് വില. ആകാശത്ത് പൊട്ടി വിടരുന്ന പല തരത്തിലുള്ള ഫാൻസി പടക്കങ്ങളും വിപണിയിലുണ്ട്. ആകാശത്ത് വർണം വിരിച്ച് 500 തവണ വരെ പൊട്ടുന്നവയ്ക്ക് 500 മുതൽ 10000 രൂപ വരെയാണ് വില. ശബ്ദമുണ്ടാക്കി പൊട്ടുന്ന പടക്കങ്ങളേക്കാൾ പല തരത്തിൽ നിറങ്ങൾ സമ്മാനിക്കുന്ന ഫാൻസി പടക്കങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് പുതിയങ്ങാടി അയ്യൻസ് വേൾഡ് കടയുടമ ശങ്കർ ഉദയൻ പറയുന്നു.

ഫാൻസി മയം

കത്തിച്ചു കഴിഞ്ഞാൽ മരം പോലെ വർണം തീർക്കുന്ന ലെമൺ ട്രീ ആരെയും വിസ്മയിപ്പിക്കും. രാജാവിന്റെ വാൾ രൂപത്തിലൊരുക്കിയ വാൾ മേശപ്പൂത്തിരിക്ക് കുട്ടി ആരാധകർ എറെയാണ്. 200 രൂപയാണ് വില. എമു എഗ് തിരികൊളുത്തി കഴിഞ്ഞാൽ പൂത്തിരി ചിതറി കോഴി മുട്ടപോലെയാകും. പൂത്തിരി കത്തിക്കുമ്പോൾ മയിൽ പീലി വിടർത്തും പോലെ വർണം വിതറുന്ന മെഗാ പീക്കോക്കിനും ഇക്കുറി ആരാധകർ ഏറെയുണ്ട്. 15 ഷോട്ടുകളിൽ ആകാശത്ത് വർണം തീർക്കുന്ന ജാക്ക് പോട്ട്, തിരികൊളുത്തിയാൽ ചെറിയ പൂമ്പാറ്റകൾ പോലെ പല നിറങ്ങളിൽ പൊട്ടിത്തെറിച്ച് പറന്നു നടക്കുന്ന ബട്ടർഫ്ലൈ, കുട്ടികളുടെ ഫാൻസി പടകങ്ങൾക്ക് 30 രൂപയാണ്. ജാക്ക് പോട്ടും,ബാറ്റും ബോളും, ടോക്കിംഗ് ടോം, ട്രാക്ളിംഗ് കോക്കനറ്റ്, മൾട്ടികളർ ബബിൾസും, വണ്ടർ നൈ​റ്റ്, കളർ ഫാന്റസി, പോഗോ, പോപ്പപ്പ്, പമ്പരം, സൂപ്പർ ഷോട്ടുകൾ പടക്ക വിപണിയിലെ താരങ്ങളാണ്. 100 ഷോട്ടുകൾക്ക് 3000,​ 500 ഷോട്ടിന്റെ മാസിന് 10900 രൂപയുമാണ്.സ്‌കൈ ഷോട്ടുകൾക്ക് 150 മുതൽ 200 രൂപ വരെയാണ് വില.

10 മുതൽ 15,000 വരെ

പത്ത് രൂപ മുതൽ 15,000 രൂപവരെയുള്ള പടക്കങ്ങൾ വിപണിയിലുണ്ട്. പതിവ് ഇനങ്ങളായ വിഷുച്ചക്രം, പൂത്തിരി, കമ്പിത്തിരി എന്നിവയ്ക്കും ഡിമാന്റുണ്ട്.കമ്പിത്തിരിക്ക് 20 രൂപ മുതൽ 100 രൂപ വരെയാണ്. നിലച്ചക്രം അഞ്ച് രൂപ മുതൽ 40 രൂപ വരെയും മാലപ്പടക്കം പത്ത് രൂപ മുതൽ 4000 രൂപ വരെയുമാണ്.


Source link

Related Articles

Back to top button