KERALAM

യുവതി കൊച്ചിയിലെത്തിയത് 35 ലക്ഷത്തിന്റെ സാധനവുമായി; കയ്യോടെ പിടികൂടി വിമാനത്താവള അധികൃതര്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്താവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്‌നാട് സ്വദേശി തുളസി എന്ന യുവതിയാണ് വിമാനത്താവള അധികൃതരുടെ പിടിയിലായത്. ഇവരെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് എത്തുന്ന യാത്രക്കാരിയുടെ കൈവശം 35 ലക്ഷം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുളസിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് അധികൃതര്‍ കണ്ടെടുത്തത്. ബാങ്കോക്കില്‍നിന്ന് തായ് എയര്‍വേഴ്സ് വിമാനത്തിലാണ് യുവതി നെടുമ്പാശ്ശേരിയിലെത്തിയത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. വിപണിയില്‍ ഇതിന് 35 ലക്ഷത്തോളം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള യുവതിയെ വിശദമായി ചോദ്യംചെയ്തു വരികയാണ്.

ആരാണ് മാരക ലഹരി മരുന്ന് അയച്ചത്, എവിടേക്കാണ് സാധനം എത്തിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യുവതിയില്‍ നിന്ന് ചോദിച്ചറിയാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തേക്കുള്ള ലഹരി കടത്ത് വ്യാപകമായതോടെ പരിശോധന ഏതാനും ആഴ്ചകളായി ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാനത്ത് ലഹരി വേട്ട ശക്തമാക്കാന്‍ തന്നെയാണ് തീരുമാനം.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതലയോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനം ലഹരിവ്യാപനത്തിനെതിരായ യുദ്ധത്തിലാണെന്നാണ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത്.


Source link

Related Articles

Back to top button