Special Interview ‘2 ഭീകരരെ വധിച്ചു, ഗ്രനേഡിന്റെ ഒരു ചീള് ഇപ്പോഴും തലയിലുണ്ട്; ആ ദിവസങ്ങൾ മറക്കില്ല; അയാളെ തൂക്കിലേറ്റണം’

തഹാവൂർ റാണ– ഈയൊരൊറ്റപ്പേര് ഇന്ത്യയെ ഓർമിപ്പിക്കുന്നത് 2008 നവംബർ 26ന് മുംബൈയുടെ നെഞ്ചിൽവീണ നിരപരാധികളുടെ ചോരയെയാണ്. തോർന്നു തീരാത്ത കണ്ണീരിന്റെ ഉപ്പു പുരണ്ടു നീറുന്ന, ഇനിയുമുണങ്ങാത്തൊരു മുറിവിനെയാണ്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാളായ തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കാനായത് രാജ്യത്തിന്റെ നേട്ടമാണ്. അതിൽ ഏറെ സന്തോഷവാനാണ് കണ്ണൂർ ജില്ലയിലെ അഴീക്കോട് കണ്ണോത്തെ പി.വി.മനേഷ്. മുംബൈയിൽ ഭീകരരെ നേരിട്ട എൻഎസ്ജി (നാഷനൽ സെക്യൂരിറ്റി ഗാർഡ്) കമാൻഡോ ടീമിലെ അംഗമായിരുന്നു മനേഷ്. ഭീതി നിറഞ്ഞ ആ ദിനങ്ങളെപ്പറ്റിയും റാണയെ ഇന്ത്യയിലെത്തിക്കാനായതിന്റെ സന്തോഷത്തെപ്പറ്റിയും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് മനേഷ്.∙ വർഷങ്ങൾ നീണ്ട നിയമപോരാട്ടം; റാണയെ തൂക്കിക്കൊല്ലണം തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു എന്നു കേട്ടപ്പോൾ വളരെയേറെ സന്തോഷം തോന്നി. നമ്മുടെ രാജ്യത്തു കടന്ന ഒരു തീവ്രവാദിയും തിരിച്ചുപോയിട്ടില്ല. തിരിച്ചുപോകാൻ ഈ നാട്ടിലെ ഒരു സൈനികനും സമ്മതിച്ചിട്ടുമില്ല. അതിന്റെ അവസാനത്തെ ഉദാഹരണമാണ് തഹാവൂർ റാണ. ഒരിക്കലും ഇന്ത്യ ആരോടും അങ്ങോട്ടു ചെന്ന് യുദ്ധം ചെയ്തിട്ടില്ല. നമ്മളെ ആക്രമിക്കാനെത്തിയവരെ തുരത്തുക മാത്രമാണ് ചെയ്തത്. മുംബൈ ഭീകരാക്രമണത്തിലും അതു തന്നെയാണ് ഉണ്ടായത്. നേരിട്ട് ആക്രമിക്കാൻ വന്നവരെ അന്ന് പ്രതിരോധിച്ചു. നിരവധി പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. പക്ഷേ, ഇന്ത്യയെ ആക്രമിക്കാൻ കൂട്ടുനിന്ന തഹാവൂർ റാണ മറ്റൊരു നാട്ടിൽ പോയി അഭയം തേടി. അതാണിപ്പോൾ അവസാനിച്ചിരിക്കുന്നത്. ഇന്ത്യ അയാളെ തിരികെയെത്തിച്ചു.തഹാവൂർ റാണ പത്തിലധികം തവണ ഇന്ത്യയിൽ വന്നിട്ടുണ്ട്. കൊച്ചിയിൽ പോലും എത്തി എന്നാണ് പുറത്തുവരുന്ന വാർത്തകൾ. വിചാരണ നടക്കുന്നുണ്ട്. തക്ക ശിക്ഷ അയാൾക്കു നൽകും. അജ്മൽ കസബിനെ തൂക്കിക്കൊന്നപോലെ തഹാവൂർ റാണയെയും തൂക്കിക്കൊല്ലണമെന്നാണ് എന്റെ അഭിപ്രായം.
Source link