‘ജാതിയുടെ പേരിൽ അകറ്റിനിർത്തി; അംബേദ്കറിന്റെ ശത്രുവാണ് ബിജെപി’: മല്ലികാർജുൻ ഖർഗെ

ന്യൂഡൽഹി ∙ ഡോ. ബി.ആർ. അംബേദ്കർ ജീവിച്ചിരിക്കുമ്പോൾ കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചെന്ന തരത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അംബേദ്കർ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ പിന്തുണയ്ക്കാതിരുന്നത് ബിജെപിയാണെന്നായിരുന്നു ഖർഗെയുടെ പ്രതികരണം. അന്നുമാത്രമല്ല ഇന്നും ബിജെപി അംബേദ്കറിന്റെ ശത്രുവാണെന്നും ഖർഗെ വ്യക്തമാക്കി. അംബേദ്കറെ ജാതിയുടെ പേരിൽ അകറ്റി നിർത്തുകയും വിശ്വാസപരമായ കാര്യങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും എതിർ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നവരാണു ബിജെപി എന്നും അദ്ദേഹം പറഞ്ഞു. അംബേദ്കറിനോട് കോൺഗ്രസ് ചെയ്തത് മറക്കരുതെന്നും അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ കോൺഗ്രസ് അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തതെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കോൺഗ്രസ് അദ്ദേഹത്തെ തിരഞ്ഞെടുപ്പുകളിൽ തോൽപിക്കുകയും അദ്ദേഹത്തിന്റെ ഓർമകളും ആശയങ്ങളും എന്നെന്നേക്കുമായി നശിപ്പിക്കാനും കോൺഗ്രസ് ശ്രമിച്ചു. ഡോ. അംബേദ്കർ ഭരണഘടനയുടെ സംരക്ഷകനായിരുന്നു, പക്ഷേ കോൺഗ്രസ് ഭരണഘടനയെ തകർക്കുകയാണ് ചെയ്തതെന്നായിരുന്നു മോദി ഹരിയാനയിലെ ഹിസാറിൽ പറഞ്ഞത്. വഖഫ് നിയമത്തെ എതിർക്കുന്നതിലൂടെ കോൺഗ്രസ് അംബേദ്കറെ അപമാനിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു.
Source link