എഡിജിപിക്കെതിരെ വ്യാജമൊഴി; എം.ആർ.അജിത്കുമാറിനെതിരെ കേസെടുക്കാം: സർക്കാരിന് ഡിജിപിയുടെ ശുപാർശ

തിരുവനന്തപുരം∙ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ. എഡിജിപി പി.വിജയനെതിരെ വ്യാജമൊഴി നല്‍കിയ സംഭവത്തിലാണ് നടപടി. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്‍റെ മൊഴി. അജിത്കുമാർ നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി.വിജയന്‍ നല്‍കിയ പരാതിയിലാണ് ഡിജിപി എസ്.ദർവേഷ് സാഹിബ് നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഡിജിപിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി.അന്‍വര്‍ നൽകിയ പരാതിയിലാണ് കേസ് അന്വേഷണം ആരംഭിച്ചത്. ഈ കേസിന്റെ അന്വേഷണവേളയിലാണ് എഡിജിപി പി.വിജയനെതിരെ എഡിജിപി എം.ആര്‍.അജിത്കുമാര്‍ മൊഴിനൽകിയത്. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി.വിജയനു ബന്ധമുണ്ടെന്ന് എസ്.പി.സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാറിന്റെ മൊഴി. മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പി.വിജയന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തുനല്‍കുകയായിരുന്നു. മൊഴി പിന്നീട് സുജിത് ദാസ് നിഷേധിച്ചിരുന്നു.
Source link