LATEST NEWS

‘യുദ്ധം, സാധനങ്ങൾ ഈജിപ്തിൽ കുടുങ്ങി’: തൃശൂർ സ്വദേശിയിൽനിന്നു 1.90 കോടി രൂപ തട്ടി; നൈജീരിയൻ പൗരൻ അറസ്റ്റിൽ


തൃശൂർ∙ ഓൺലൈൻ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ 1.90 കോടി രൂപ തട്ടിെയടുത്ത കേസിൽ നൈജീരിയൻ പൗരനെ പിടികൂടി. നൈജീരിയക്കാരനായ ഓസ്റ്റിൻ ഓഗ്ബയെയാണു തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപെട്ട് വിവിധ വ്യാജവാഗ്ദ‌ാനങ്ങൾ നൽകിയായിരുന്നു തട്ടിപ്പ്. ഒല്ലൂർ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.2023 മാർച്ച് 1നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. തൃശൂർ സ്വദേശി ഫെയ്സ്ബുക്കിലൂടെ പ്രതികളിലൊരാളായ സ്ത്രീയെ പരിചയപ്പെടുകയായിരുന്നു. സിറിയയിൽ യുദ്ധം വന്നതോടെ താൻ  തുർക്കിയിലേക്കു നാടുവിട്ടെന്നും തന്റെ വിലപിടിപ്പുള്ള സാധനങ്ങൾ ഈജിപ്‌തിലെ മിഡിൽ ഈസ്റ്റ് വോൾട്ട് കമ്പനിയുടെ കസ്റ്റഡിയിലാണെന്നും തട്ടിപ്പ് സംഘം ഇയാളെ വിശ്വസിപ്പിച്ചു. തുടർന്ന് സാധനങ്ങൾ തിരികെ എടുക്കുന്നതിനായി പണമയച്ചു തരണമെന്നും ഇവർ തൃശൂർ സ്വദേശിയോട് പറഞ്ഞു. 2023 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിലായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തൃശൂർ സ്വദേശിയിൽനിന്നു കൈക്കലാക്കിയത്.തട്ടിപ്പാണെന്നു മനസ്സിലായതോടെ തൃശൂർ സ്വദേശി ആദ്യം ഒല്ലൂർ പൊലീസിനു പരാതി നൽകി. പിന്നീട്  തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശത്തില്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. അന്വേഷണത്തിൽനിന്ന് ഓൺലൈൻ തട്ടിപ്പ് സംഘമാണ് പണം തട്ടിയെടുത്തതെന്നു വ്യക്തമായി. തുടർന്നു മുംബൈ പൊലീസിന്റെ സഹായത്തോടെ നൈജീരിയൻ സ്വദേശിയെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തിട്ടുണ്ട്. തട്ടിപ്പ് സംഘത്തിലെ മറ്റു പ്രതികൾക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി.


Source link

Related Articles

Back to top button