KERALAMLATEST NEWS

‘കിഫ്ബി സിഇഒ സ്ഥാനം രാജിവെക്കില്ല, എന്ത് വേണമെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം’: കെഎം എബ്രഹാം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും താന്‍ രാജിവെക്കില്ലെന്ന് കിഫ്ബി സിഇഒ കെഎം എബ്രഹാം. ഹൈക്കോടതിയാണ് മുന്‍ ചീഫ് സെക്രട്ടറിക്ക് എതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് താന്‍ സ്വയം രാജിവെക്കില്ല. പദവിയില്‍ തുടരണമോ വേണ്ടയോ എന്നകാര്യം മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിക്കാമെന്നും കെഎം എബ്രഹാം വ്യക്തമാക്കി.

കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കോടതി വിധിയില്‍ കെഎം എബ്രഹാം നിലപാട് വ്യക്തമാക്കിയത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും അപ്പീലിന് പോകുമെന്ന സൂചന നല്‍കികൊണ്ട് കെഎം എബ്രഹാം വ്യക്തമാക്കി. ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെയും കെഎം എബ്രഹാം രംഗത്ത് വന്നു. ജോമോന് തന്നോട് ശത്രുതയാണെന്നും അതാണ് പരാതിക്ക് പിന്നിലെന്നും അദ്ദേഹം പറയുന്നു.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. താന്‍ ധന സെക്രട്ടറിയായിരിക്കെ പരാതിക്കാരന്‍ പിഡബ്ല്യുഡി റസ്റ്റ്ഹൗസ് ദുരുപയോഗം ചെയ്തത് സംബന്ധിച്ച് നടത്തിയ കണ്ടെത്തലാണ് പകയ്ക്ക് കാരണം. കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരത്തില്‍ പരാതി നല്‍കുന്നവര്‍ക്ക് അനാവശ്യ വിശ്വാസ്യതയുണ്ടാക്കിക്കൊടുക്കുകയാണെന്നും കെഎം എബ്രഹാം ആരോപിച്ചു.

മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് 20 കോടിയുടെ തട്ടിപ്പ് നടത്തിയത് താന്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹം ഇപ്പോള്‍ മാദ്ധ്യമങ്ങളില്‍ തനിക്കെതിരെ പറയുന്നു. രാജിവെച്ചാല്‍ അത് തനിക്കെതിരെ നില്‍ക്കുന്നവര്‍ക്ക് വിശ്വാസ്യത സമ്മാനിക്കുന്നതിന് തുല്യമാകുമെന്നും കെഎം എബ്രഹാം പറയുന്നു.


Source link

Related Articles

Back to top button