‘പൊലീസും കേസും കണ്ട് ഭയപ്പെടേണ്ട, ഇതൊരു വല്ലാത്ത ലോകമാണ്’; വീട്ടിലെ പ്രസവത്തെ ന്യായീകരിച്ച് എ പി സുന്നി വിഭാഗം

കോഴിക്കോട്: വീട്ടിലെ പ്രസവത്തെ വീണ്ടും ന്യായീകരിച്ച് എ പി സുന്നി വിഭാഗം. മുതിർന്ന നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളാണ് പെരുമണ്ണയിലെ മതപ്രഭാഷണത്തിനിടയിൽ വീട്ടിൽ പ്രസവിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്. ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേസും പൊലീസും കണ്ട് ആരും പേടിക്കേണ്ടെന്നും തങ്ങൾ പറഞ്ഞു.വീട്ടിൽ പ്രസവിക്കുന്നത് അവരവരുടെ സൗകര്യമാണ്. വീട്ടിലെ പ്രസവം എടുക്കുന്ന ആളുകളെ കുറ്റപ്പെടുത്തുന്നു, അതിനെ പ്രോത്സാഹിപ്പിക്കുന്നവരെ കുറ്റപ്പെടുത്തുന്നു. ഇതൊരു വല്ലാത്ത ലോകമാണെന്നു അദ്ദേഹം പറയുന്നുണ്ട്.
അടുത്തിടെയാണ് മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. പെരുമ്പാവൂർ അറയ്ക്കപ്പടി മോട്ടികോളനിയിൽ കൊപ്പറമ്പിൽ വീട്ടിൽ പരേതനായ ഇബ്രാഹിം മുസ്‌ലിയാരുടെ മകൾ അസ്മയാണ് (35) മരിച്ചത്. ഇതോടെ വീട്ടിലെ പ്രസവത്തിനെതിരെ വലിയ രീതിയിലുളള ബോധവൽക്കരണമാണ് നടക്കുന്നത്. അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു. ഭാര്യ ആശുപത്രിയിൽ പ്രസവിക്കുന്നതിന് കടുത്ത എതിർപ്പുയർത്തിയ ഭർത്താവ് അമ്പലപ്പുഴ വളഞ്ഞവഴി നീർക്കുന്നം സിറാജ് മൻസിലിലെ സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീയും അറസ്റ്റിലായിരുന്നു.ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്.
മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചിരുന്ന വ്യക്തിയാണ് സിറാജുദ്ദീൻ. വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ സംസാരിക്കാനുള്ള കഴിവിലൂടെയാണ് പലരിലും അന്ധവിശ്വാസങ്ങൾ അടിച്ചേൽപ്പിച്ചിരുന്നത്. വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേൾവിക്കാരൻ ആയിരുന്നു സിറാജുദ്ദീൻ.
Source link