‘പുറപ്പെട്ടോ’ എന്നു വിളിച്ചുചോദിച്ചു, വന്നപ്പോൾ മരിച്ചനിലയിൽ; മനു എത്തിയത് വന്ദന ദാസ് കൊലക്കേസിൽ പ്രതിഭാഗത്തിനായി ഹാജരാകാൻ

കൊല്ലം∙ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഗവ. പ്ലീഡർ പി.ജി.മനു (54) കൊല്ലത്തെത്തിയത് ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതിഭാഗത്തിനായി ഹാജരാകുന്നതിന്. ഞായറാഴ്ച ഉച്ചയോടെയാണ് മനുവിനെ ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12നു വാടക വീട്ടിലെത്തിയ ജൂനിയർ അഭിഭാഷകനാണു മൃതദേഹം കണ്ടത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു മൂവാറ്റുപുഴയ്ക്കു സമീപം മാമലശേരിയിലെ വസതിയിൽ എത്തിക്കും.ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിഭാഗം അഭിഭാഷകൻ ബി.എ.ആളൂരിന് ഒപ്പമാണു മനു പ്രവർത്തിച്ചിരുന്നത്. കൊല്ലം ജില്ലാ കോടതിക്കു സമീപം ആനന്ദവല്ലീശ്വരത്തു കേസിന്റെ ആവശ്യങ്ങൾക്കായാണ് വീടു വാടകയ്‌ക്കെടുത്തത്. കഴിഞ്ഞ ദിവസം രാത്രി എറണാകുളത്തെ വീട്ടിൽ പോയി വസ്ത്രങ്ങളും മറ്റും കൊണ്ടുവരാനായി ജൂനിയർ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ 8നു വിളിച്ചു പുറപ്പെട്ടോ എന്നു തിരക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12ന് കൊല്ലത്തെത്തിയ ജൂനിയർ അഭിഭാഷകൻ സുഹൃത്തിനൊപ്പം വീട്ടിലെത്തിയപ്പോഴാണു മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു.നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു മനു. മറ്റൊരു യുവതിയെ മനു പീഡിപ്പിച്ചുവെന്നു കഴിഞ്ഞ ദിവസം ആരോപണം ഉയർന്നതിനു പിന്നാലെ കുടുംബത്തോടൊപ്പം ഈ യുവതിയുടെ വീട്ടിലെത്തി മാപ്പു പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിന്റെ മാനസിക സംഘർഷമാണോ ആത്മഹത്യയ്ക്കു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Source link