ഷൈൻ ടോം ചാക്കോയുടെ മയക്കുമരുന്ന് കേസിൽ പൊലീസ് വീഴ്ചവരുത്തിയെന്ന് കോടതി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ഒന്നാം പ്രതിയായ കൊക്കെയ്ൻ കേസിൽ പൊലീസ് ഗുരുതരമായ വീഴ്ചകൾ വരുത്തിയതായി എറണാകുളം അഡീഷണൽ സെഷൻസ് കോടതി. ഗുരുതരമായ പിഴവുകൾ അന്വേഷണത്തിൽ സംഭവിച്ചതായി നടനെയും കൂട്ടുപ്രതികളെയും വെറുതേവിട്ട ഉത്തരവിൽ പറയുന്നു.
മയക്കുമരുന്ന് കണ്ടെടുത്തിട്ടും പ്രതികളിൽ നിന്ന് പിടിച്ചെടുത്തെന്ന് തെളിയിക്കാനായില്ല. കണ്ടെടുത്ത വസ്തുക്കൾ സെർച്ച് മെമ്മോയിൽ സൂചിപ്പിച്ചിരുന്നില്ല. അഞ്ചു പ്രതികളും കൊക്കെയ്ൻ കഴിച്ചിരുന്നോ എന്ന് പരിശോധിച്ചില്ല. ഡ്യൂട്ടിയിൽ ഇല്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലായിരുന്നു ദേഹപരിശോധന. ഷൈന് ഒപ്പം അറസ്റ്റിലായ മോഡലുകളെ വനിതാ ഓഫീസറല്ല പരിശോധിച്ചത്. പൊലീസിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടായി തുടങ്ങി വീഴ്ചകൾ ഒന്നൊന്നായി ഉത്തരവിൽ എടുത്തു പറഞ്ഞിട്ടുണ്ട്. 2015 ജനുവരി 30ന് കടവന്ത്രയിലെ ഫ്ളാറ്റിൽ നിന്നാണ് ഷൈനെയും നാല് മോഡലുകളെയും പിടികൂടിയത്. ഏഴുഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവരെ വെറുതേ വിട്ടെങ്കിലും ഉത്തരവ് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
Source link