നഴ്സിങ് പഠിക്കാൻ ഇറച്ചിവെട്ടുകാരിയായി; ദിവസക്കൂലി 200 രൂപ; ഹന്നയ്ക്ക് കൂട്ട് ബ്ലാക്ക്ബെൽറ്റും പിന്നെ കരളുറപ്പും

കൽപറ്റ ∙ പട്ടാളത്തിൽ ചേരുകയായിരുന്നു ഹന്ന മരിയയുടെ സ്വപ്നം. അതിനായി മെയ്ക്കരുത്തും കരളുറപ്പും കൂട്ടാനാണ് അവൾ കരാട്ടെ പഠിച്ചുതുടങ്ങിയത്. അങ്ങനെ ബ്ലാക്ക് ബെൽറ്റും സംസ്ഥാന കരാട്ടെ ചാംപ്യൻഷിപ്പിലെ വെങ്കലമെഡലും സ്വന്തമായി. അപ്പോഴാണ് ആതുരസേവനം ഹന്നയുടെ സ്വപ്നത്തിലേക്കെത്തിയത്. ജർമനിയിൽ നഴ്സിങ് പഠിക്കണമെന്ന ആഗ്രഹത്തിന്റെ ആദ്യ ചുവട് ജർമൻ ഭാഷാപഠനമായിരുന്നു. അതു കടന്നപ്പോഴാണ് അടുത്ത കടമ്പ– യാത്രയ്ക്കുള്ള പണം. അതിന് ഹന്ന കണ്ടെത്തിയ വഴി ഇറച്ചിവെട്ടാണ്. വയനാട് പുൽപള്ളിക്കു സമീപം പാക്കത്ത് ചോഴിയൻവീട്ടിൽ ഷിബുവിന്റെ മകളാണ് ഹന്ന. ഷിബു ഇറച്ചിക്കട തുടങ്ങിയപ്പോൾ വെട്ടാൻ 500 രൂപ കൂലിക്ക് ആളെ വച്ചു. ജർമൻ പഠനത്തിനൊപ്പം പഠിപ്പിക്കുകയും ചെയ്തിരുന്ന ഹന്ന, ഒഴിവുസമയത്ത് ഒരു ജോലി കൂടി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. പപ്പയുടെ ഇറച്ചിക്കടയിൽ ഇറച്ചിവെട്ടാമെന്നു ഹന്നയ്ക്കു തോന്നിയത് അപ്പോഴാണ്. ദിവസവും 200 രൂപ വെട്ടുകൂലി തന്നാൽ മതിയെന്ന് ഹന്ന പപ്പയോടു പറഞ്ഞു. ആദ്യം അമ്പരന്ന ഷിബുവും ഭാര്യ ഷൈനിയും പിന്നെ മകളുടെ സ്വപ്നത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഹന്നയ്ക്ക് എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാമെന്നായി. അങ്ങനെ ദിവസം നാലു മണിക്കൂർ പപ്പയുടെ കടയിൽ ഇറച്ചിവെട്ടു തുടങ്ങി. ഷിബുവിന്റെ തന്നെ പലചരക്കു കടയോടു ചേർന്നുള്ള കെജി ചിക്കൻ സ്റ്റാളിൽ ഹന്ന മരിയ ‘ഒഫിഷ്യൽ’ ഇറച്ചിവെട്ടുകാരിയാകുന്നത് കഴിഞ്ഞ വർഷമാണ്. അതിനുമുൻപായിരുന്നു കരാട്ടെ പഠനം. അത് വെറുതെയായില്ല. ബ്ലാക്ക് ബെൽറ്റ് നേടുകയും സംസ്ഥാന കരാട്ടെ ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കുകയും ചെയ്തു. ആ സമയത്താണ് പട്ടാളക്കാരിയാകണമെന്ന ആഗ്രഹം നഴ്സിങിലേക്ക് വഴുതിമാറിയത്. എല്ലാം തനിക്കു സാധിക്കുമെന്ന ആത്മവിശ്വാസം കൈവിടാതെ, ആതുരസേവനത്തിനുവേണ്ടിയുള്ള പരിശ്രമമായി. അതിന് എത്ര ദൂരം വരെ പോകാനും ആ ഇരുപതുകാരി തയാറായിരുന്നു. ജർമൻ പഠിച്ചത് അങ്ങനെയാണ്. പഠിച്ചശേഷം മാനന്തവാടി ‘കോംപറ്റീറ്റർ’ ജർമൻ സ്റ്റഡി സെന്ററിലെ അധ്യാപികയായി. പഠിപ്പിച്ചതിനു ശേഷം നേരെ പോകുന്നത് ഇറച്ചിക്കടയിലേക്കാണ്.
Source link