ഡൽഹി റോഡിലൂടെ ‘കുരിശിന്റെ വഴി’ വിലക്കി

ന്യൂഡൽഹി ∙ ഓശാന ഞായർ ദിനത്തിൽ ലത്തീൻ സഭയുടെ ‘കുരിശിന്റെ വഴി’ ചടങ്ങ് റോഡിലൂടെ നടത്തുന്നതിന് പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെ ഗോൾ ഡാക് ഖാന സേക്രഡ് ഹാർട്ട് കത്തീഡ്രൽ കോംപൗണ്ടിനുള്ളിലാണു ചടങ്ങ് നടത്തിയത്. എല്ലാവർഷവും ഓശാന ദിവസം ഓൾഡ് ഡൽഹിയിലെ സെന്റ് മേരീസ് പള്ളിയിൽനിന്ന് 10 കിലോമീറ്ററോളം അകലെ ഗോൾധാക് ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിലേക്കു രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന ‘കുരിശിന്റെ വഴി’ സംഘടിപ്പിക്കാറുണ്ട്. ഉച്ചയ്ക്ക് 2.30 മുതൽ 6.30 വരെ കുരിശിന്റെ വഴി നടത്താനാണ് അനുമതി ചോദിച്ചത്. സുരക്ഷ, ഗതാഗതപ്രശ്നങ്ങൾ തുടങ്ങിയവ ഉന്നയിച്ചാണ് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്.നിശ്ചയിച്ചതു പോലെ ‘കുരിശിന്റെ വഴി’ നടത്താൻ പറ്റാത്തതിൽ നിരാശയുണ്ടെന്നു ഡൽഹി അതിരൂപതാ ആർച്ച് ബിഷപ് ഡോ. അനിൽ കൂട്ടോ പറഞ്ഞു.സേക്രഡ് ഹാർട്ട് കത്തീഡ്രലിനു സമീപമാണു കാത്തലിക് ബിഷപ്സ് കോൺഫറൻസിന്റെയും (സിബിസിഐ) ഡൽഹി അതിരൂപതയുടെയും ആസ്ഥാനം.ഹനുമാൻ ജയന്തി ജാഥയ്ക്കും അനുമതി നൽകിയില്ല: മന്ത്രി ജോർജ് കുര്യൻതിരുവനന്തപുരം ∙ സേക്രഡ് ഹാർട്ട് ദേവാലയത്തിലെ ‘കുരിശിന്റെ വഴി’ ചടങ്ങിന് അനുമതി നിഷേധിച്ചതു ഡൽഹിയിലെ സുരക്ഷാപ്രശ്നങ്ങൾ കാരണമാണെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 11 മുതൽ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തിയോടനുബന്ധിച്ച ഘോഷയാത്രയ്ക്കും അനുമതി നിഷേധിച്ചിരുന്നെന്നു മന്ത്രി പറഞ്ഞു.
Source link