പിഎം ശ്രീ: കേരളം വഴങ്ങുമ്പോൾ തമിഴ്നാട് നിയമപ്പോരാട്ടത്തിന്

തിരുവനന്തപുരം / ചെന്നൈ ∙ പിഎം ശ്രീ പദ്ധതിക്കെതിരെ മുൻപ് ഉന്നയിച്ച വിമർശനങ്ങൾ പിൻവലിച്ചു കേന്ദ്രത്തിനു വഴങ്ങാൻ കേരളം തയാറെടുക്കുമ്പോൾ തമിഴ്നാട് തേടുന്നത് നിയമപ്പോട്ടത്തിന്റെ വഴി. സമഗ്ര ശിക്ഷാ ഫണ്ട് തടഞ്ഞുവയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണു തമിഴ്നാട് സർക്കാർ. ദേശീയ വിദ്യാഭ്യാസനയം അംഗീകരിക്കുകയും പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുകയും ചെയ്താൽ മാത്രം തുക അനുവദിക്കാമെന്ന കേന്ദ്ര നിലപാടു ഭരണഘടനാവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണു തമിഴ്നാട് കോടതിയെ സമീപിക്കുന്നത്.തമിഴ്നാട്, കേരളം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കു വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രവിഹിതം ഉടൻ കൈമാറണമെന്നു ദിഗ്‌വിജയ് സിങ് അധ്യക്ഷനായ പാർലമെന്ററി സമിതി കഴിഞ്ഞ മാസം റിപ്പോർട്ട് നൽകിയിരുന്നു. ഗവർണർ ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ നേടിയ അനുകൂലവിധിയുടെ ബലത്തിൽ തമിഴ്നാട് മുന്നോട്ടുപോകുമ്പോൾ കേരളത്തിൽ സിപിഐയുടെ എതിർപ്പു മറികടന്ന് പിഎം ശ്രീയിൽ ഒപ്പുവയ്ക്കാനുള്ള നീക്കത്തിലാണു സിപിഎം. കേന്ദ്രത്തിൽനിന്ന് 2023–24 അധ്യയനവർഷം മുതൽ വിദ്യാഭ്യാസ പദ്ധതികൾക്കു കേരളത്തിനു കിട്ടേണ്ട 1186 കോടി രൂപ നഷ്ടപ്പെടുത്താനാകില്ലെന്നാണു പൊതുവിദ്യാഭ്യാസവകുപ്പ് പറയുന്നത്. പിഎം ശ്രീയിൽ ഒപ്പുവച്ചാൽ കേന്ദ്ര വിദ്യാഭ്യാസനയം നടപ്പാക്കേണ്ടി വരുമെന്ന ചൂണ്ടിക്കാട്ടിയാണ് സിപിഐ എതിർക്കുന്നത്.
Source link